ജി 20 രാജ്യങ്ങള്‍ തമ്മില്‍ സമുദ്രോത്പന്ന വ്യാപാര ഏകോപനത്തിനായി എംപിഇഡിഎ സമ്മേളനം

ജി 20 ഗ്രൂപ്പിംഗിലെ പങ്കാളികള്‍ക്കായി ഷ്റിമ്പ് കോണ്‍ഫറന്‍സും നടത്തും
Kochi / February 12, 2023

കൊച്ചി: യൂറോപ്പിലെ സമുദ്രോത്പന്ന വിപണിയില്‍ ആഴത്തില്‍ സാന്നിധ്യമറിയിക്കുകയെന്ന ലക്ഷ്യത്തോടെ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ഈ വര്‍ഷം ജൂലൈയില്‍ ജി 20 രാജ്യങ്ങള്‍ തമ്മിലുള്ള സമുദ്രോത്പന്ന ഏകോപനത്തിനായി സമ്മേളനം നടത്തും. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്തുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യാപാര നിയന്ത്രണങ്ങളെക്കുറിച്ചും കയറ്റുമതി സാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായത്തിലെ വിവിധ പങ്കാളികളെ ബോധവാന്മാരാക്കുക എന്നതാണ് സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം.

ജി 20 രാജ്യങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ വിതരണ ശൃംഖലയിലെ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായുള്ള സമ്മേളനവും (ഷ്റിമ്പ് കോണ്‍ഫറന്‍സ്) ജി 20 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മികച്ച 20 സമുദ്രോത്പന്ന വിപണികളില്‍ നിന്നുള്ള അംബാസഡര്‍മാരെ ക്ഷണിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍ ഫിഷ് ഫുഡ് ഫെസ്റ്റിവെലും എംപിഇഡിഎ ഈ വര്‍ഷം സംഘടിപ്പിക്കും.

കര്‍ശനമായ അന്താരാഷ്ട്ര ഗുണനിലവാര നിയന്ത്രണ പ്രോട്ടോക്കോളുകള്‍ പാലിച്ചും മൂല്യവര്‍ധനയിലൂടെ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം വാഗ്ദാനം ചെയ്തും സമുദ്രോത്പന്ന മത്സരക്ഷമത ഉറപ്പാക്കിയും യൂറോപ്യന്‍ വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി പറഞ്ഞു. ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ ബ്രാന്‍ഡും ഗുണനിലവാരവും മത്സരശേഷിയും ശക്തിപ്പെടുത്തുകയും കയറ്റുമതി നിരസിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് കോവിഡാനന്തര കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്. ഉയര്‍ന്ന കയറ്റുമതി സാധ്യതയുള്ള മത്സ്യങ്ങളുടെ വിത്തുല്‍പ്പാദനത്തിനും വളര്‍ത്തലിനുമായി സുസ്ഥിരവും ജൈവ-പരിസ്ഥിതി സൗഹൃദവുമായ നിരവധി അക്വാകള്‍ച്ചര്‍ സാങ്കേതിക വിദ്യകള്‍ എംപിഇഡിഎ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രോത്പന്ന സംസ്കരണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുകയും മെഷിനറി നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആകര്‍ഷകമായ വിപണിയൊരുക്കുകയും ചെയ്യുന്ന നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗീകൃത പ്രോസസിംഗ് യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്.

 സമുദ്രോത്പന്നങ്ങള്‍ ഗണ്യമായി സംസ്കരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് അസംസ്കൃത വസ്തുക്കള്‍ അയയ്ക്കുന്നുമുണ്ട്. ഇന്ത്യയിലെ സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളുടെ എണ്ണം 1975 ല്‍ 133 ആയിരുന്നത് 2022 ല്‍ 604 ആയി ഉയര്‍ന്നു. രജിസ്റ്റര്‍ ചെയ്ത 1275 കയറ്റുമതിക്കാരുമുണ്ട്. ഈ കാലയളവില്‍ സംസ്കരണ ശേഷി 614 മെട്രിക് ടണ്ണില്‍ നിന്ന് 35,402 മെട്രിക് ടണ്ണായി ഉയര്‍ന്നു.

 ഇന്ത്യയിലെ ചെമ്മീന്‍ ചരക്കുകള്‍ രോഗമുക്തമാണെന്ന് ഉറപ്പാക്കാന്‍ എംപിഇഡിഎയുടെ ഗവേഷണ വിഭാഗമായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ ചെന്നൈയില്‍ ക്വാറന്‍റൈന്‍ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഈ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായ ഇവിടെ ഇറക്കുമതി ചെയ്ത വിത്ത് ചെമ്മീന്‍ ശേഖരം പരിശോധിക്കും. ഇതിനു പുറമേ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് വികസിപ്പിച്ച ടൈഗര്‍ ഇനം ചെമ്മീനിന്‍റെ വിത്ത് ചെമ്മീന്‍ ഉത്പാദന കേന്ദ്രം വിശാഖപട്ടണത്ത് സ്ഥാപിക്കും. ഇ.യു. ക്യാച്ച്, ഐ.സി.സി.എ.ടി. (ദി ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് അറ്റ്ലാന്‍റിക് ട്യൂണാസ്) സര്‍ട്ടിഫിക്കറ്റുകള്‍ സാധൂകരിക്കുന്ന സംവിധാനം എംപിഇഡിഎ നടപ്പാക്കുന്നുണ്ട്. കൂടാതെ സമുദ്രവിഭവങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ വിളവെടുപ്പിന് മുമ്പുള്ള പരിശോധനയ്ക്കായി ഇഎല്‍ഐഎസ്എ ലാബുകളും പ്രവര്‍ത്തിപ്പിക്കുന്നു.

യൂറോപ്യന്‍ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ 17 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോയില്‍ ജി 20 രാജ്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇന്‍റര്‍നാഷണല്‍ ബയര്‍ സെല്ലര്‍ മീറ്റ് സംഘടിപ്പിക്കാനും എംപിഇഡിഎ തീരുമാനിച്ചു. സമ്മേളനത്തിന് സമാന്തരമായി ജി 20 രാജ്യങ്ങളെക്കുറിച്ചുള്ള പ്രത്യേക സാങ്കേതിക സെഷനും നടത്തും.

ഇക്വഡോര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യ ഓസ്ട്രേലിയയുമായി ഒപ്പു വച്ചതുപോലെ ഇത്തരം കരാറില്‍ ഒപ്പുവച്ചാല്‍ കസ്റ്റംസ് തീരുവയില്‍ നിന്നുള്ള ഇളവ് ലഭിക്കുകയും ചെമ്മീനിന്‍റെയും മറ്റ് സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്യാം.

 2021-22 കാലയളവില്‍ 7.76 ബില്യണ്‍ യു.എസ്. ഡോളറിന്‍റെ (575.86 ബില്യണ്‍ രൂപ) എക്കാലത്തെയും ഉയര്‍ന്ന സമുദ്രോത്പന്ന കയറ്റുമതിയാണ് ഇന്ത്യ ചെയ്തത്. ഇത് അളവില്‍ 13,69,264 ടണ്‍ വരും. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തിന്‍റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഡോളര്‍ മൂല്യത്തില്‍ 8.26% ആണ്.

ചെമ്മീന്‍ ഉത്പാദനം ഒരു ദശലക്ഷം മെട്രിക് ടണ്‍ കവിഞ്ഞു. ഇത് ആഗോള ചെമ്മീന്‍ വ്യാപാരത്തിന്‍റെ 21 ശതമാനമാണ്. ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയുടെ അളവിലും മൂല്യത്തിലും നേട്ടമുണ്ടാക്കാനായി. അളവില്‍ 53 ശതമാനവും മൊത്തം വരുമാനത്തിന്‍റെ 75 ശതമാനവുമാണിത്. ഡോളര്‍ മൂല്യത്തില്‍ 43.45 ശതമാനം വിഹിതമുള്ള യുഎസ്എയാണ് ഈ വിഭാഗത്തിലെ ഏറ്റവും വലിയ വിപണി. ചൈന (15.14 ശതമാനം), യൂറോപ്പ് (14.98 ശതമാനം), സൗത്ത് ഈസ്റ്റ് ഏഷ്യ (10.04 ശതമാനം) എന്നിവയാണ് മറ്റു പ്രധാന വിപണികള്‍.

Photo Gallery