മായം കലരാത്ത കാലിത്തീറ്റ ഉറപ്പാക്കാന്‍ കേരളം നിയമം കൊണ്ടുവരും: മന്ത്രി ചിഞ്ചുറാണി

Thrissur / February 11, 2023

തൃശ്ശൂര്‍: കന്നുകാലികള്‍ക്ക് മായം കലരാത്ത തീറ്റ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി. കാലിത്തീറ്റയില്‍ ഒരു തരത്തിലുള്ള മാലിന്യവും അണുബാധയും ഇല്ലെന്ന് ഉറപ്പാക്കുന്ന നിയമം തയ്യാറാക്കുകയാണെന്നും സംസ്ഥാന ക്ഷീരസംഗമം 'പടവ് 2023' ലെ സാംസ്കാരിക സായാഹ്നത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണെന്നും ഈ ലക്ഷ്യത്തിലേക്ക് കേരളം കൂടുതല്‍ അടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസഡറായ നടന്‍ ജയറാം അഭിനന്ദിച്ചു. മന്ത്രിക്ക് ഒരു കാഴ്ചപ്പാടുണ്ടെന്നും അതിന്‍റെ ഗുണഫലത്തെക്കുറിച്ച് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ക്ഷീരകര്‍ഷകന്‍ കൂടിയായ നടന്‍ പറഞ്ഞു. ജയറാമിന്‍റെ നേതൃത്വത്തില്‍ 'വാദ്യവിസ്മയം' എന്ന പേരിലുള്ള താളവാദ്യ മേളവും അരങ്ങേറി. ലക്കി ഡ്രോ മത്സരവിജയികളെ ജയറാം പ്രഖ്യാപിച്ചു. ഒരാള്‍ സ്വര്‍ണനാണയവും മൂന്നുപേര്‍ പ്രോത്സാഹന സമ്മാനങ്ങളും നേടി.

ക്ഷീരവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസില്‍ സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ക്ഷീരസംഗമത്തില്‍ ശില്‍പ്പശാലകള്‍, സെമിനാറുകള്‍, അവാര്‍ഡ് ദാന ചടങ്ങുകള്‍, സാംസ്കാരിക സായാഹ്നങ്ങള്‍ തുടങ്ങിയവ നടക്കും.

45 വര്‍ഷത്തെ ചരിത്രമുള്ള സഹകരണ പ്രസ്ഥാനം കേരളത്തിന്‍റെ ക്ഷീരമേഖലയെ ശക്തിപ്പെടുത്തിയതെങ്ങനെയെന്ന് കെഎഫ്എല്‍ ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കെഎഫ്എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി ഡീന്‍ പി.സുധീര്‍ബാബു, വി.എസ്. തിലകന്‍, ക്ഷീര സഹകരണ സംഘം പ്രസിഡന്‍റുമാരായ ടി.കെ. വര്‍ഗീസ് (പരിയാരം), എന്‍.ആര്‍. രാധാകൃഷ്ണന്‍ (പുതുരുത്തി), പി.എസ്. സുബ്രഹ്മണ്യന്‍ (ഏങ്ങണ്ടിയൂര്‍), ഷംസുദ്ധീന്‍ (തൃക്കൂര്‍), സെക്രട്ടറിമാരായ അനി (വലക്കാവ്), സതീഷ്കുമാര്‍ ടി.എന്‍. (ചിറ്റിലപ്പള്ളി) തുടങ്ങിയവര്‍ സംബന്ധിച്ചു.

'എന്‍റെ കേരളം' ഡാന്‍സ് ഫ്യൂഷന്‍ ഷോ, 'കൂര്‍മപുരാണം' കഥകളി എന്നിവയോടെ കെഎഫ്എല്‍ സംഘടിപ്പിച്ച കലാസന്ധ്യ സമാപിച്ചു. കേരള ഫീഡ്സിന്‍റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാള്‍ ക്ഷീരസംഗമത്തിന്‍റെ ഭാഗമാണ്.

Photo Gallery

+
Content
+
Content
+
Content
+
Content