ലഹരിക്കെതിരെ ബോധവത്കരണ മാരത്തണുമായി ജിടെക്

Trivandrum / February 10, 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 'നോ ടു ഡ്രഗ്സ്' കാമ്പയിന് ഊര്‍ജ്ജം പകര്‍ന്ന് കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) മാര്‍ച്ച് 19 ന് തിരുവനന്തപുരത്ത് മാരത്തണ്‍ സംഘടിപ്പിക്കുന്നു. തലസ്ഥാന നഗരം കണ്ടിട്ടുള്ള വലിയ മാരത്തണുകളിലൊന്നായിട്ടാണ് ഇത് വിഭാവനം ചെയ്യുന്നത്. ലിംഗ, പ്രായ, ഫിറ്റ്നസ് ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നായി 2500 ലധികം പേര്‍ മാരത്തണിന്‍റെ ഭാഗമാകും.

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കൊഗ്നിസന്‍റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, ടാറ്റ എല്‍ക്സി, ക്വസ്റ്റ്, അലയന്‍സ്, യുഎസ്ടി, ഇവൈ തുടങ്ങി എല്ലാ പ്രമുഖ കമ്പനികളിലെയും ഐടി പ്രൊഫഷണലുകളും ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ഇടത്തരം ചെറുകിട കമ്പനികളും മാരത്തണിന്‍റെ ഭാഗമാകും. വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും മാരത്തണില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. മൂന്ന് കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മാരത്തണ്‍.

മയക്കുമരുന്നിന്‍റെയും ലഹരിവസ്തുക്കളുടെയും ദുരുപയോഗം സമൂഹത്തിന് ഭീഷണിയാണെന്നും ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ആളുകളെയും കുടുംബങ്ങളെയും ഇത് ബാധിക്കുന്നുവെന്നും ജിടെക് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കേരളത്തില്‍ നാലിരട്ടി വര്‍ധിച്ചുവെന്നത് ആശങ്കയുളവാക്കുന്നതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹമെന്ന നിലയില്‍ ജിടെക്കിനു കീഴിലുള്ള കേരളത്തിലെ ഐടി പ്രൊഫഷണലുകള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിന്‍റെ പ്രതിഫലനമാണ് മാരത്തണ്‍. മാരത്തണിനു പുറമേ കേരളത്തിലെ എല്ലാ ഐടി പാര്‍ക്കുകളിലും വിവിധ ലഹരി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകള്‍ അടങ്ങുന്ന 300 ലധികം ഐടി കമ്പനികള്‍ ജിടെക്കിലെ അംഗങ്ങളാണ്. മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ചും ദൂഷ്യഫലങ്ങളെക്കുറിച്ചും യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഈ മാരത്തണ്‍ സഹായിക്കും. മാരത്തണില്‍ പങ്കെടുക്കാനായി  https://registrations.indiarunning.com/gtech-marathon-2023 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.

Photo Gallery