കോവിഡ് അല്‍സ്ഹൈമേഴ്സിനു വഴിവയ്ക്കാം ഡോ. യതീഷ് അഗര്‍വാള്‍

New Delhi / February 8, 2023

ന്യൂഡല്‍ഹി: അല്‍സ്ഹൈമേഴ്സ് പോലുള്ള നാഡീരോഗങ്ങള്‍ക്ക് കോവിഡ് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധന്‍ ഡോ. യതീഷ് അഗര്‍വാളിന്‍റെ മുന്നറിയിപ്പ്. കോവിഡ് ബാധയ്ക്കുശേഷമുണ്ടാകുന്ന സങ്കീര്‍ണതകള്‍ തലച്ചോറിനെ ബാധിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് മനോരമ ഇയര്‍ബുക്കിലെഴുതിയ ലേഖനത്തില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ സീനിയര്‍ പ്രഫസറായ അദ്ദേഹം പറഞ്ഞു.


കോവിഡിനെ ആയിരം തലയുള്ള രാക്ഷസനാണ്.   36 മുതല്‍ 84% വരെ കോവിഡ് രോഗികളില്‍ നാഡീരോഗങ്ങള്‍ കണ്ടുവരുന്നു. 50 വയസില്‍ താഴെയുള്ള, തൃപ്തികരമായ ആരോഗ്യമുള്ളവരിലും ഈ അവസ്ഥ വ്യാപകമാണ്.  
അകാരണ ഭയം, അമിതവൃത്തി, വിഷാദരോഗം എന്നിവയും കോവിഡ്മുക്തരില്‍ കാണുന്നു.  കോവിഡിന്‍റെ സമ്മര്‍ദം മദ്യാസക്തി, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാപ്രവണത, സംശയരോഗം, അകാരണഭയം എന്നിവയ്ക്കും കാരണമാകുന്നുണ്ട്.
ജനിതകമാറ്റം വന്ന കോവിഡ് വൈറസ് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും പലവിധത്തില്‍ ബാധിക്കും. ഈ പ്രശ്നങ്ങള്‍ ചിലരില്‍ പെട്ടെന്നു മാറുകയും ചിലരില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുമെന്ന് ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് പാരാമെഡിക്കല്‍ ഹെല്‍ത്ത് സയന്‍സസ് ഡീന്‍ കൂടിയായ ഡോ. അഗര്‍വാള്‍ വെളിപ്പെടുത്തി.


കോവിഡ് അനുബന്ധ ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങളെ വേണ്ടരീതിയില്‍ മനസിലാക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിലും ലഘുവായ ചികിത്സാരീതികളിലും ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ഇതിനെ നിയന്ത്രണത്തിലാക്കാം. ദൈനംദിനപ്രവൃത്തികള്‍ നിരീക്ഷിച്ചുതന്നെ പ്രശ്നങ്ങള്‍ കണ്ടെത്താനാകും. ഇത്തരക്കാര്‍ക്ക് ഒരു ചികിത്സാ പുനരധിവാസ പദ്ധതി ആവിഷ്കരിക്കണം. കുടുംബ ഡോക്ടര്‍, ന്യൂറോ ഡോക്ടര്‍, ഫിസിയോതെറപ്പിസ്റ്റ്, മനോരോഗവിദഗ്ധന്‍, മന:ശാസ്ത്രജ്ഞന്‍ എന്നിവരടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിക്കണം.


രോഗവൈറസിനെ തുരത്തുന്നതിനു പകരം സ്വന്തം കോശങ്ങളെത്തന്നെ ശത്രുവായി കാണാന്‍ ശരീരത്തിലെ ആന്‍റിബോഡികളെ കോവിഡ് തെറ്റിദ്ധരിപ്പിക്കുന്നു. ഇത് പതിയെ തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്നു. കടുത്ത തലവേദന ഇതിന്‍റെ ലക്ഷണമാണ്.
തലച്ചോറിലെ രക്തക്കുഴലുകളില്‍ സമ്മര്‍ദം ചെലുത്തി മസ്തിഷ്കാഘാതം ഉണ്ടാക്കാനും ഈ വൈറസിനു കഴിയും. രക്തം കട്ടപിടിക്കുന്നതു തടയുന്നതിനാല്‍ പക്ഷാഘാതവും ഉണ്ടായേക്കാം.നാഡീരോഗലക്ഷണങ്ങള്‍ പലതും കോവിഡ് ബാധയ്ക്കിടെ കാണാറുണ്ട്. 75% കോവിഡ് രോഗികളിലും മണവും രുചിയും നഷ്ടപ്പെടുന്നത് ഇതിന് ഉദാഹരണമാണെന്നു ഡോ. യതീഷ് അഗര്‍വാള്‍ പറഞ്ഞു.

    

Photo Gallery