പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് മില്‍മ തിരുവനന്തപുരം യൂണിയന്‍

മില്‍മ പ്രതിനിധികള്‍ പത്തനംതിട്ടയിലെ ക്ഷീര സഹകരണ സംഘങ്ങള്‍ സന്ദര്‍ശിച്ചു
പത്തനംതിട്ട / October 23, 2021

ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം പ്രളയബാധിത പ്രദേശത്തെ ക്ഷീരസംഘങ്ങള്‍ക്ക് കൂടുതല്‍ ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ പറഞ്ഞു.
 
പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെയും ദുരിതബാധിതരായ കര്‍ഷകരെയും സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയ ശേഷമാണ് എന്‍.ഭാസുരംഗന്‍ ഇക്കാര്യം അറിയിച്ചത്. മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്.കോണ്ട ഒപ്പമുണ്ടായിരുന്നു.

പത്തനംതിട്ടയിലെ റാന്നി, കോയിപ്പുറം, പുളിക്കീഴ് ബ്ലോക്കുകളിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങള്‍ സന്ദര്‍ശിച്ചാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

കഴിഞ്ഞ ദിവസം അടിയന്തിര യോഗം ചേര്‍ന്ന് മില്‍മ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രളയദുരിതം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കോടി രൂപയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരുന്നു. തുടര്‍പദ്ധതികള്‍ നിശ്ചയിക്കുന്നതിനായാണ് മില്‍മ പ്രതിനിധികള്‍ പ്രളയബാധിത പ്രദേശത്തെ കര്‍ഷകരെ സന്ദര്‍ശിച്ചത്.

പ്രളയബാധിത പ്രദേശത്തെ ക്ഷീര കര്‍ഷകരുടെ കന്നുകാലികള്‍ക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണവും ആരംഭിച്ചു.

പ്രളയത്തില്‍ മരണപ്പെട്ട ക്ഷീര കര്‍ഷകരുടെ അനന്തരാവകാശികള്‍ക്ക് 25,000 രൂപ, പാല്‍ സംഭരണം മുടങ്ങിയ ക്ഷീര സംഘങ്ങളിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപ, ക്ഷീരസംഘങ്ങള്‍ കേന്ദീകരിച്ച് 15 ദിവസത്തെ സൗജന്യ മൃഗചികിത്സ ക്യാമ്പ്, കാലിത്തൊഴുത്തുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് 20,000 രൂപയുടെ ധനസഹായം, പ്രളയത്തില്‍ കേടുപാട് സംഭവിച്ച സഹകരണ സംഘം കെട്ടിടങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 10,000 രൂപയുടെ ധനസഹായം, മില്‍മയുടെ സംഭരണ വാഹനങ്ങള്‍ എത്തിച്ചേരാന്‍ കഴിയാത്ത സംഘങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് തുടങ്ങിയവ ഒരു കോടിയുടെ ദുരിതാശ്വാസ സഹായ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഫോട്ടോ കാപ്ഷന്‍: പത്തനംതിട്ടയിലെ പ്രളയ ദുരിതബാധിത പ്രദേശത്തെ ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ക്കുള്ള സൗജന്യ കാലിത്തീറ്റ മില്‍മ തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ വിതരണം ചെയ്യുന്നു. മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡി.എസ് കോണ്ട സമീപം.

Photo Gallery

+
Content