ജനപ്രിയ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ഓര്‍മ്മകള്‍ പങ്കിട്ട് സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും

Trivandrum / February 5, 2023

തിരുവനന്തപുരം: 'എന്താ വിജയാ, നമുക്കീ ബുദ്ധി നേരത്തെ തോന്നാത്തത്', പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, 'വട്ടാണല്ലേ'.. മലയാളിയുടെ ദിവസജീവിതത്തിലെ ഈ ജനപ്രിയ പ്രയോഗങ്ങള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഊട്ടിപ്പട്ടണപ്രവേശം' എന്ന സെഷന് മോഡറേറ്ററായ നടന്‍ സിദ്ധിഖ് തുടക്കമിട്ടത്. സെഷനിലെ അതിഥികള്‍, ഈ പ്രയോഗങ്ങളെല്ലാം മലയാളിക്ക് സമ്മാനിച്ച എക്കാലത്തെയും ജനപ്രിയ സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും. ഇരുവരുടെയും ജനപ്രിയ സിനിമകളുടെയും കഥാപാത്രങ്ങളുടെയും അനുഭവങ്ങളും ഓര്‍മ്മകളും പങ്കിട്ടുകൊണ്ടുള്ള സംസാരത്തിന് നിറഞ്ഞ സദസ്സിന്‍റെ ഊഷ്മളമായ സ്വീകരണം.


മുപ്പതു വര്‍ഷത്തിനു ശേഷവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സന്ദേശം എന്ന സിനിമയുടെ തിരക്കഥാ ചര്‍ച്ചകള്‍ ചിത്രീകരണത്തിന് ആറു വര്‍ഷം മുമ്പ് ശ്രീനിവാസനുമായി തുടങ്ങിയതാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. എഴുതപ്പെട്ട തിരക്കഥയില്ലാതെ തനിക്ക് സിനിമ ചെയ്യാനാകില്ലെന്നും തിരക്കഥയെഴുത്ത് എന്നത് ആനന്ദവും വേദനയും ഒരുമിക്കുന്ന സന്ദര്‍ഭമാണെന്നും അന്തിക്കാട് പറഞ്ഞു. പൊളിറ്റിക്കല്‍ സറ്റയറുകള്‍ എഴുതേണ്ടത് വിമര്‍ശിക്കുന്നവര്‍ക്കു കൂടി ആസ്വദിക്കാന്‍ പാകത്തിലായിരിക്കണം. സന്ദേശത്തിന് അങ്ങനെയൊരു ഗുണമുള്ളതുകൊണ്ടായിരിക്കാം ഏറ്റവും പുതിയ തലമുറ വരെ അത് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബോധപൂര്‍വ്വം സിനിമയിലേക്ക് വന്നതോ സിനിമ ചെയ്തതോ അല്ല, സിനിമയില്‍ ആയിപ്പോയതാണ്. അതില്‍പിന്നെ സിനിമ ചെയ്യുക എന്നതാണ് ഏറ്റവും വലിയ സന്തോഷം. നാട്ടിന്‍പുറത്തിന്‍റെ കഥ പറഞ്ഞാലും ഐ.ടി. മേഖലയുടെ കഥ പറഞ്ഞാലും സിനിമയ്ക്ക് ജീവിതവുമായി ബന്ധമുണ്ടായിരിക്കണം. അപ്പോള്‍ സിനിമ വിജയിക്കും, ഏത് തലമുറയും സ്വീകരിക്കും. പുതിയ തലമുറയ്ക്ക് ഉപദേശം നല്‍കേണ്ട കാര്യമില്ലെന്നും പുതിയ തലമുറ നമ്മളെ നയിക്കുകയും പലതും പഠിപ്പിക്കുകയും ചെയ്യുകയാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു


സാഹിത്യകൃതികള്‍ സിനിമയാക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും മൂലകൃതിയോട് നീതി പുലര്‍ത്താനാകില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ചരിത്രസിനിമകള്‍ അപകടം പിടിച്ചതാണെന്നും ആളുകള്‍ പല വീക്ഷണത്തിലായിരിക്കും ഈ സിനിമകളെ സമീപിക്കുന്നത്. അതിനാല്‍ വളരെ ജാഗരൂകരായിരിക്കണം. സാധാരണ സിനിമകള്‍ക്ക് ഈ പ്രശ്നമില്ല. ആര്‍ആര്‍ആറോ ബാഹുബലിയോ പോലുള്ള സിനിമകളുടെ വലിയ വിജയം മറ്റുള്ള ചരിത്രസിനിമകളെ അതുമായി താരതമ്യം ചെയ്യാന്‍ ഇടയാക്കിയിട്ടുണ്ട്.

 
പാട്ടുകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണെന്നും ലോകത്ത് മറ്റൊരു സിനിമാ ഇന്‍ഡസ്ട്രിയിലും ഇത്രയധികം ഗാനചിത്രീകരണം ഉണ്ടായിരിക്കില്ലെന്നും ഈ രീതി പിന്തുടരുകയാണ് താനും ചെയ്തതെന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മനോഹരമായി ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള പ്രിയദര്‍ശന്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഭാരതീരാജയെയും ഭരതനെയുമാണ് ഗാനചിത്രീകരണത്തില്‍ താന്‍ മാതൃകയാക്കിയിട്ടുള്ളത്. പാട്ട് തിരക്കഥയുടെ ഭാഗം തന്നെയാണ്. കഥ പറഞ്ഞുപോകാനുള്ള സങ്കേതം തന്നെയായിട്ടാണ് പാട്ടിനെ കാണുന്നത്. അതല്ലാതെ വെറുതെ പാട്ടുകള്‍ തിരുകിക്കയറ്റാറില്ല. ആളുകളെ രസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ സിനിമയെടുക്കുന്നതെന്നും അത്തരം സിനിമകള്‍ കണ്ടിരുന്ന ഒരാളാണ് താനെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഇപ്പോള്‍ മലയാള സിനിമയുടെ സുവര്‍ണകാലമാണ്. ഒടിടി പ്ലാറ്റ് ഫോമുകള്‍ വന്നതോടെ കേരളത്തിനു പുറത്ത് മലയാള സിനിമ നന്നായി കാണപ്പെടുന്നുണ്ട്. വലിയ ബജറ്റിനേക്കാള്‍ കണ്ടെന്‍റില്‍ ശ്രദ്ധിക്കുന്ന മലയാള സിനിമയിലെ ഓരോ മാറ്റവും സശ്രദ്ധം വിലയിരുത്തപ്പെടുകയും അഭിനന്ദനം നേടുകയും ചെയ്യുന്നുണ്ടെന്നും പ്രിയന്‍ പറഞ്ഞു.


സിനിമക്കെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ലെന്നും വിമര്‍ശനം പരിഹാസമായി മാറുന്നതാണ് പ്രശ്നമെന്നും സോഷ്യല്‍ മീഡിയയിലെ സിനിമാ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് സത്യന്‍ അന്തിക്കാട് പ്രതികരിച്ചു. വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലായിരിക്കണമെന്നും ആരോഗ്യകരമായ വിമര്‍ശനം നല്ലതാണെന്നും അത് വ്യക്തിപരമായും ബോധപൂര്‍വ്വം സിനിമയെ തകര്‍ക്കുന്ന വിധത്തിലുമായിരിക്കരുതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. വിമര്‍ശനം ഒരു തരത്തില്‍ സിനിമയ്ക്ക് ഗുണമാണെന്നും അത്രയും തവണ ആ സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുമെന്ന സാധ്യതയുണ്ടല്ലോയെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

Photo Gallery

+
Content