ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ച് ഇന്ത്യയെന്ന ആശയത്തെ തിരികെ കൊണ്ടുവരാനാണ് ഇടതുപക്ഷത്തിന്‍റെ പരിശ്രമം- സീതാറാം യെച്ചൂരി

Trivandrum / February 4, 2023

തിരുവനന്തപുരം: ബിജെപിയുടെ കീഴില്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്ന കാലത്ത് ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ച് ഇന്ത്യയെന്ന ആശയത്തെ തിരികെ കൊണ്ടുവരുകയാണ് പ്രധാന പരിശ്രമമെന്ന് സിപിഐ-എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്‍റെ മതേതര ജനാധിപത്യസ്വഭാവം  പരിരക്ഷിക്കുകയും അവകാശം, നീതി, സ്വാതന്ത്ര്യം എന്നിവ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യത്തെ ഇടത് രാഷ്ട്രീയം എങ്ങിനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ ബോധം കുത്തിവച്ചു കൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ സ്തംഭങ്ങളെ ക്രമാനുഗതമായി തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഇതിനെതിരെ പോരാടാന്‍ എല്ലാ ജനവിഭാഗങ്ങളുടെയും കൂട്ടായ പിന്തുണ ആവശ്യമാണ്. അതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണ്.

ഐശ്വര്യപൂര്‍ണമായ ഭൂതകാലം അധിനിവേശക്കാര്‍ തകര്‍ത്തുവെന്ന തെറ്റായ ബോധമാണ് ഭരണകൂടം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രബോധം, യുക്തിചിന്ത, സമത്വം, സാഹോദര്യം എന്നിവ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. മത-ഭാഷാ ന്യൂനപക്ഷങ്ങളോട് വിവേചനപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങളാണ് എല്ലാദിവസവും പകര്‍ന്ന് നല്‍കുന്നത്. ചരിത്രത്തെ തിരുത്തിയെഴുതുന്നു, തെറ്റായ ചരിത്രം പാഠപുസ്തകങ്ങളില്‍ നിരത്തുന്നു. പുത്തന്‍ വിദ്യാഭ്യാസ നയത്തിന്‍റെ കാതലെന്നത് വര്‍ഗീയത, കേന്ദ്രവത്കരണം, വാണിജ്യവത്കരണം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തെറ്റായ ബോധം കുത്തി വച്ചാണ് ബിജെപി തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത്. നാസി ജര്‍മ്മനിയില്‍ ഹിറ്റ്ലറും തെരഞ്ഞെടുപ്പുകള്‍ ജയിച്ചത് ഈ മാര്‍ഗ്ഗത്തിലൂടെയായിരുന്നു. ജനങ്ങളെ യുക്തിസഹമായി ചിന്തിക്കുന്നത് സമര്‍ഥമായി തടഞ്ഞാണ് ഇത് കൈവരിച്ചത്.

വെല്ലുവിളികളെ രാഷ്ട്രീയമായും, സാംസ്ക്കാരികമായും ആശയപരമായും നേരിടണം. ഈ ദിശയിലേക്ക് പ്രതിബദ്ധതയോടെ നീങ്ങാന്‍ ഇടതുപക്ഷം തയ്യാറാണ്. അതുതന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്‍റെ കടമ. റിപ്പബ്ലിക് എന്ന ആശയത്തെ തന്നെയാണ് ബിജെപി തകര്‍ത്തു കൊണ്ടിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ എന്തു കൊണ്ട് പങ്കെടുത്തില്ലെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. യാത്ര തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ അതില്‍ ചേരണമെന്ന് കോണ്‍ഗ്രസ് പറഞ്ഞില്ല. യാത്രയവസാനിക്കാറായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു, എന്തു കൊണ്ട് യാത്രയില്‍ പങ്കെടുത്തില്ലെന്ന്. നിങ്ങളുടെ രാഷ്ട്രീയ പരിപാടിയുമായി മുന്നോട്ടു പോകുക, ഇന്ത്യയെ പ്രതിരോധിക്കാനുള്ള ഏതൊരു ഉദ്യമത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കെതിരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ചു വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ ഗൗരവതരമായ സാഹചര്യം മനസിലാക്കി എല്ലാവരും ഈ പോരാട്ടത്തില്‍ ഒന്നിക്കണം. ത്രിപുരയില്‍ വിവിധ മതേതര പാര്‍ട്ടികളുമായി ഞങ്ങള്‍ ഒന്നിച്ചിരിക്കുകയാണ്.

ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയും പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യം നിര്‍ബന്ധിതമാകുകയും ചെയ്യും. അടിയന്തരാവസ്ഥയുടെ അവസാനം കുറിച്ച് 1977 ല്‍ ജനതാപാര്‍ട്ടി രൂപീകൃതമായതും അദ്ദേഹം അനുസ്മരിച്ചു.

ബിജെപിയെ ജയിക്കാന്‍ സിപിഎമ്മിനാകുന്നില്ലല്ലോയെന്ന ചോദ്യത്തിന് ജനപ്രിയത അളക്കുന്നത് തെരഞ്ഞെടുപ്പ് കൊണ്ട് മാത്രമല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന അജണ്ട മനസിലാക്കിയാല്‍ ബാക്കി ഭാഗം ബഹുജനങ്ങള്‍ ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ രാജ്യം കണ്ട പല പ്രക്ഷോഭങ്ങളിലും ഇടതുപക്ഷത്തിന്‍റെ പങ്ക് പ്രധാനമാണ്.

സ്വതന്ത്രചിന്തയും ആവിഷ്കാര സ്വാതന്ത്ര്യവും അപകടത്തിലായ ഇക്കാലത്ത് ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനും സംവദിക്കാനും മാതൃഭൂമി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാറും സമ്മിഹിതനായിരുന്നു.

Photo Gallery

+
Content
+
Content