‘ഫോർബ്സ് 30- അണ്ടർ 30' പട്ടികയിൽ ജെൻറോബോട്ടിക്സ് സ്ഥാപകരും

Trivandrum / February 4, 2023

തിരുവനന്തപുരം: രാജ്യത്തെ ഈ വർഷത്തെ മികച്ച യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോർബ്സ് തയാറാക്കിയ ‘ഫോർബ്സ് ഇന്ത്യ 30- അണ്ടർ 30' പട്ടികയിൽ കേരളത്തിന്‍റെ സ്വന്തം സ്റ്റാർട്ടപ്പ് ജെൻറോബോട്ടിക്സിന്‍റെ സ്ഥാപകരും.

പട്ടികയിൽ 21 മേഖലകളിൽ നേട്ടം കൈവരിച്ച 30 പ്രമുഖരുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ശുചിത്വ മേഖലക്ക്  നൽകിയ സംഭാവന കണക്കിലെടുത്താണ് ജെൻറോബോട്ടിക്സ് ഡയറക്ടർമാരായ  വിമൽ ഗോവിന്ദ് എം.കെ, നിഖിൽ എൻ.പി, റാഷിദ്. കെ, അരുൺ ജോർജ് എന്നിവർ ഇടംപിടിച്ചത്. 300 പേരിൽ നിന്നാണ് അന്തിമ പട്ടിക തയാറാക്കിയിരിക്കുന്നത്.

2023 ലെ ‘ഫോർബ്സ് ഇന്ത്യ 30- അണ്ടർ 30' യിൽ ധനകാര്യം, സാങ്കേതികവിദ്യ, വിനോദം, സ്പോർട്സ് എന്നിങ്ങനെ വിവിധ മേഖലകളിലുള്ള യുവാക്കളും സംരംഭകരും ഉൾപ്പെടുന്നു. ഫോർബ്സിന്‍റെ വിദഗ്ദ്ധ സംഘം അഭിമുഖത്തിലൂടെയും സംവാദത്തിലൂടെയും സമൂഹമാധ്യമങ്ങളിലെ വോട്ടെടുപ്പിലൂടെയുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക്  ചുക്കാൻ പിടിക്കുന്ന സംരംഭകർക്കും  സ്വാധീന ശക്തികളാകാൻ പോന്ന  വ്യക്തികൾക്കുമൊപ്പം  ‘ഫോർബ്സ് ഇന്ത്യ 30- അണ്ടർ 30' യുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന്  ജെൻറോബോട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് എം.കെ  പറഞ്ഞു.

ജെൻറോബോട്ടിക്സ് ഇന്നോവേഷൻ രാജ്യത്ത് ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളുടെ ജീവൻ രക്ഷിച്ച ബാൻഡിക്കൂട്ട് പോലുള്ള ഫലപ്രദമായ കണ്ടുപിടുത്തങ്ങളുടെ ഉടമയാണ്. ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും, ഒപ്പം മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക, സമൂഹത്തിൽ നല്ല മാറ്റം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബാൻഡിക്കൂട്ട് എന്ന മാൻഹോൾ ശുചീകരണ റോബോട്ടിനെ ജെൻറോബോട്ടിക്സ് വികസിപ്പിച്ചത്. സാങ്കേതിക വിദ്യ ഏറെ വികസിച്ചിട്ടും മാൻഹോളുകൾ വൃത്തിയാക്കൽ പ്രതിസന്ധിയായി തുടരുമ്പോഴാണ് ജെൻറോബോട്ടിക്സ് ജന്മമെടുത്തത്. ഇതിലൂടെ മാൻഹോളുകൾക്ക് പകരം റോബോഹോൾ വിപ്ലവത്തിനാണ് ബാൻഡിക്കൂട്ട് വഴിതെളിച്ചത്.

ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഈ കേരള മോഡൽ ബാൻഡിക്കൂട്ട്  ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

ബാൻഡിക്കൂട്ടിനെ കൂടാതെ മെഡിക്കൽ ആൻഡ് മൊബിലിറ്റി എന്ന  വിഭാഗത്തിൽ വികസിപ്പിച്ചെടുത്ത ഗെയ്റ്റ് ട്രെയിനിങ് സാങ്കേതിക വിദ്യയുടെ പേരാണ് ജി -ഗെയ്റ്റർ. ഇതിലൂടെ നിരവധി പക്ഷാഘാത രോഗികളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള നിരവധി സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി എന്ന നിലയിലാണ് ജെൻറോബോട്ടിക്സ് ഫോർബ്സ് ഇന്ത്യ 30- അണ്ടർ 30 ലിസ്റ്റിൽ ഉൾപ്പെട്ടത്.

ജെൻറോബോട്ടിക്സിനു പുറമെ നടൻ കാളിദാസ് ജയറാമും, നടി അന്നാ ബെന്നും പട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

Photo Gallery