നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരുടെ വിശ്വാസം ജയ് ഭീം ഊട്ടിയുറപ്പിച്ചു: ജസ്റ്റിസ് ചന്ദ്രു

Trivandrum / February 4, 2023

തിരുവനന്തപുരം: നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് ജയ് ഭീം എന്ന സിനിമ കാരണമായെന്ന് ജസ്റ്റിസ് ചന്ദ്രു. ജയ് ഭീം പുറത്തിറങ്ങിയതോടെ യഥാര്‍ഥ ജീവിതത്തിലെ രാജാക്കണ്ണിന്‍റെ ഭാര്യയുടെ ധീരത എല്ലാവരിലേക്കും എത്തി. തെല്ല് ബുദ്ധിമുട്ടിയാലും നിയമത്തിന്‍റെ വഴിക്ക് പോയാല്‍ അവസാനം നീതി ലഭിക്കുമെന്ന പ്രതീക്ഷ ജനങ്ങളിലേക്ക് എത്തിക്കാനായി എന്നതാണ് ജയ് ഭീമിന്‍റെ പ്രധാന വിജയമെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അഡ്വ. തുഷാര ജെയിംസുമായുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു സിനിമയ്ക്ക് പൊതുസമൂഹത്തിലും അധികാര കേന്ദ്രത്തിലും എത്ര സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ജയ് ഭീം തെളിയിച്ചുവെന്നും സിനിമ പുറത്തിറങ്ങിയ ശേഷം ഇരുള വിഭാഗത്തിനു വേണ്ടിയുണ്ടായ ഇടപെടല്‍ വലിയതായിരുന്നുവെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. 1993 ല്‍ ഒരു യോഗത്തിനായി പോയപ്പോള്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി രാജാക്കണ്ണിന്‍റെ ഭാര്യ തന്‍റെ അടുത്തു വരികയായിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ജഡ്ജിയായി വിരമിച്ചതിന് ശേഷം പല അഭിമുഖങ്ങളിലും വക്കീല്‍ ജീവിതത്തിനിടയില്‍ താന്‍ വാദിച്ച ഏറ്റവും പ്രമാദമായ കേസ് എന്ന നിലയില്‍ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്ന് ചന്ദ്രു ചൂണ്ടിക്കാട്ടി. ഈ സംഭവം ശ്രദ്ധയില്‍പെട്ട കാലത്തു തന്നെ ഒരു മാസികയില്‍ എഴുതിയിരുന്നു. എന്നാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സംവിധായകന്‍ ജ്ഞാനവേലുമൊത്തുള്ള കാര്‍ യാത്രയിലാണ് അദ്ദേഹത്തോട് ഈ കഥ പറയുന്നത്. ജ്ഞാനവേലാണ് ഇതിലെ സിനിമാ സാധ്യത മുന്നോട്ടുവച്ചത്.


ഒരു സിനിമ എടുക്കുമ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടണമെന്ന് ചന്ദ്രു പറഞ്ഞു. അല്ലാതെ വെറുതെ ഒരു ക്രൈം സ്റ്റോറി പറഞ്ഞ് പോയതുകൊണ്ട് കാര്യമില്ല. അങ്ങനെയാണ് ഇരുളരുടെ ജീവിതപ്രശ്നങ്ങള്‍ സിനിമയുടെ പ്രമേയത്തിന്‍റെ ഭാഗമായത്. 95 ശതമാനവും യഥാര്‍ഥ കഥയോട് നീതി പുലര്‍ത്തി എന്നുള്ളതാണ് ജയ് ഭീമിന്‍റെ വിജയം. ചില കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എന്നുള്ളത് മാത്രമാണ് വ്യത്യാസം. അതിനപ്പുറം ഇരുളര്‍ എന്ന ഒരു ജനവിഭാഗത്തെക്കുറിച്ച് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പലര്‍ക്കും അവരുടെ ജീവിതത്തെക്കുറിച്ച് അറിയില്ലായിരുന്നു.


സെന്‍സറിംഗിന് അയച്ചപ്പോള്‍ 46 കട്ട് വരെ നിര്‍ദേശിച്ചു. എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന സ്ഥിതിയായി. ഒരു കട്ടിനു പോലും ഞങ്ങള്‍ തയ്യാറല്ലായിരുന്നു. അങ്ങനെയാണ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തന്‍റെ ജീവിതമാണെങ്കിലും സിനിമയില്‍ ഒരു സീനില്‍ പോലും പ്രത്യക്ഷപ്പെടേണ്ടതില്ലെന്നും അണിയറയില്‍നിന്ന് വേണ്ട പിന്തുണ നല്‍കാനാണ് താന്‍ ശ്രദ്ധിച്ചതെന്നും ചന്ദ്രു പറഞ്ഞു.

Photo Gallery

+
Content