സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആത്മരതി നൃത്തവിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കും-വിഖ്യാത നര്‍ത്തകി അലര്‍മേല്‍ വള്ളി

Trivandrum / February 4, 2023

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആത്മരതി കലര്‍ന്ന ഇടപെടലുകള്‍ യുവ നൃത്തവിദ്യാര്‍ത്ഥികളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുമെന്ന് വിഖ്യാത ഭരതനാട്യ നര്‍ത്തകി അലര്‍മേല്‍ വള്ളി പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വര്‍ത്തമാനകാലവുമായി നമ്മെ എപ്പോഴും ബന്ധപ്പെടുത്തുമെന്നത് ശരിയാണ്. പക്ഷെ ശാസ്ത്രീയനൃത്തത്തില്‍ ഇത് വലിയ ശ്രദ്ധക്കുറവിന് കാരണമാകുമെന്ന് അവര്‍ പറഞ്ഞു. മാതൃഭൂമി 'ക' അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗവേഷകനും എഴുത്തുകാരനുമായ വി കലാധരനുമായി ആനന്ദനൃത്തശാല എന്ന പ്രമേയത്തിലാണ് അവര്‍ സംസാരിച്ചത്. ഭരതനാട്യത്തിലെ പന്തനല്ലൂര്‍ ശൈലിയിലെ പ്രശസ്ത നര്‍ത്തകിയായ അലര്‍മേല്‍ വള്ളിയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ സ്വന്തം ഭരതനാട്യ പ്രകടനം പോസ്റ്റ് ചെയ്യുന്നത് കാഴ്ചക്കാരെ ആകര്‍ഷിക്കാനുള്ള സംഗതിയായിരിക്കാം. ഈ ഭ്രമം അവരുടെ നൃത്തപ്രകടനത്തെയും ബാധിക്കും. സദസ്സിനെ രസിപ്പിക്കാന്‍ വേണ്ടി നൃത്തത്തിന്‍റെ അടിസ്ഥാനകാര്യങ്ങളെ മറക്കാന്‍ ശീലിക്കും. നൃത്തത്തിന്‍റെ പ്രധാന ഉദ്ദേശ്യം അതില്‍ മുഴുകിയാടുക എന്നതാണെന്നും അവര്‍ പറഞ്ഞു.

1960 കളിലെ തന്‍റെ യുവത്വത്തില്‍ പഠനത്തില്‍ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് അവര്‍ ഓര്‍ക്കുന്നു. അന്നൊക്കെ തീവണ്ടിയുടെ ശബ്ദമായിരുന്നു തങ്ങളുടെ പഠനത്തിന്‍റെ ശ്രദ്ധ തിരിച്ചിരുന്നത്. നാലടിയുടെ ചതുരശ്രം പഠിപ്പിക്കുമ്പോള്‍ ട്രെയിന്‍ പോകുമ്പോള്‍ അത് മൂന്നടിയുടെ തൃശ്രം ആയി മാറുമായിരുന്നുവെന്ന് അവര്‍ നര്‍മ്മരൂപേണ അവര്‍ പറഞ്ഞു.

ചൊക്കലിംഗം പിള്ള പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കുറച്ച് പയ്യന്‍മാര്‍ ജനലില്‍ കൂടി നോക്കി നിന്നിരുന്നത് തന്നെ എത്രമാത്രം അലോസരപ്പെടുത്തിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആ നോട്ടങ്ങള്‍ കൊണ്ട് തന്‍റെ പദം തെറ്റി. ആ തെറ്റ് ഗുരു ക്ഷമിച്ചെങ്കിലും അമ്മ കുപിതയായി. നൂറു പേര്‍ നിന്‍റെ നേരെ കൊഞ്ഞനം കുത്തിയാലും പദം തെറ്റരുതെന്ന് അമ്മ മുന്നറിയിപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു.

മിനുക്കില്‍ ശ്രദ്ധ കൂട്ടിയാല്‍ ഗ്ലാമര്‍ കൂടുമെങ്കിലും നൃത്തം മികച്ചതാകണമെങ്കില്‍ അടവ് നന്നാവണമെന്ന് അവര്‍ പറഞ്ഞു. ലംബമായുള്ള നൃത്തചലനങ്ങളാണ് പന്തനല്ലൂര്‍ ശൈലിയുടെ പ്രത്യേകത. അഭിനയമാണ് പ്രധാനം, എന്നാല്‍ അത് കാവ്യാത്മകമാകണം, നാടകമാകരുത്, അവര്‍ പറഞ്ഞു.

ഭരതനാട്യം കാലഹരണപ്പെട്ടോയെന്ന ചോദ്യത്തിന് അത് നര്‍ത്തകരെ ആശ്രയിച്ചിരിക്കുമെന്ന് അവര്‍ മറുപടി നല്‍കി. സര്‍ഗ്ഗാത്മകമായി സമീപിച്ചാല്‍ ഈ നാട്യരീതി കാലഹരണപ്പെടില്ല. വജ്രത്തെ ഓരോ തവണ ഉരച്ച് കഴിയുമ്പോഴും അതിന്‍റെ ഭംഗി കൂടുന്നതു പോലെ തന്നെയാണ് ഭരതനാട്യവുവെന്നും അവര്‍ പറഞ്ഞു.

ഭരതനാട്യത്തില്‍ വന്നിട്ടുള്ള പുതിയ രചനകളെ അവര്‍ സ്വാഗതം ചെയ്തു. പക്ഷെ ചില വര്‍ണങ്ങളില്‍ ആവശ്യത്തിലധികം വാക്കുകള്‍ കടന്നു കൂടിയിരിക്കുന്നു. നര്‍ത്തകര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭരതനാട്യത്തിന്‍റെ ജനകീയതയുടെ വില നല്‍കേണ്ടി വരില്ലെന്നും അവര്‍ പറഞ്ഞു.

കഥകളിയ്ക്ക് സമാനമാണോ ഭരതനാട്യത്തിലെ മുഖാഭിനയമെന്ന ചോദ്യത്തിന് നവരസങ്ങളെ അവതരിപ്പിക്കുന്നതില്‍ തമിഴ്നാട് നൃത്തങ്ങള്‍ക്ക് ശൈലീകരണം കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കഥകളിയില്‍ നിന്ന് നര്‍ത്തകര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു.

Photo Gallery

+
Content