പഴയ കൃതികളിലേക്ക് പുതുമ നിറയ്ക്കേണ്ടത് യാഥാര്‍ഥ്യങ്ങളിലൂടെ - നൊബെല്‍ ജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ

Trivandrum / February 3, 2023

തിരുവനന്തപുരം: അജ്ഞാതമായ ചരിത്രത്തിലേക്ക് സാഹിത്യത്തിന് വാതായനങ്ങള്‍ തുറക്കാമെങ്കിലും അത് വായനക്കാരനുമായുള്ള ആത്മബന്ധം വളര്‍ത്തിക്കൊണ്ടാകണമെന്ന് നൊബെല്‍ ജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ പറഞ്ഞു. മാതൃഭൂമി 'ക' അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ചരിത്രത്തിന്‍റെ നിഴലുകള്‍, ഭാവിയുടെ വെളിച്ചം എന്ന പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിവ് വിഷയങ്ങളില്‍ പോലും യാഥാര്‍ഥ്യം നിറയ്ക്കുമ്പോഴാണ് കൃതികളില്‍ പുതുമ നിറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ തന്നെ അതിന്‍റെ ഉത്തരങ്ങളും നിര്‍ദ്ദേശിക്കണമെന്ന് വാശിപിടിക്കരുത്. ചില പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടുന്നത് തന്നെ സര്‍ഗാത്മകമായ പ്രക്രിയയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വന്‍ ദുരന്തങ്ങളുടെ ശൃംഖലയാണ് ചരിത്രം. വിപത്തുക്കള്‍ പോലും ലഹരി പിടിപ്പിക്കുന്നതായി തോന്നാം. സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ക്കും ശോഭനമായ ഭാവിയ്ക്കുമേലുള്ള നിഴലുകളാണ് ഇത്തരം വിപത്തുകള്‍. കാലാവസ്ഥാ വ്യതിയാനവും അഭയാര്‍ത്ഥി പ്രവാഹവും വര്‍ത്തമാനകാലഘട്ടത്തിന്‍റെ വിഷയങ്ങളായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് വഴി അവര്‍ക്ക് നഷ്ടപ്പെട്ടത് തിരികെ പിടിക്കാനുള്ള സഹായം കൂടിയാണ്.

പോയ സഹസ്രാബ്ദത്തില്‍ നിന്ന് വ്യത്യസ്തമായി രാജ്യങ്ങള്‍ മനുഷ്യരുടെ യാത്രകളെ നിയന്ത്രിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്‍റെ സ്വന്തം നാടായ സാന്‍സിബാറും മലബാറും തമ്മില്‍ കച്ചവട ബന്ധങ്ങള്‍ നിലനിന്നിരുന്നതിന്‍റെ കാരണം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ തടസ്സമില്ലാത്ത യാത്രാ സൗകര്യം കൊണ്ടാണ്. 19-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സമൂഹം കിഴക്കന്‍ ആഫ്രിക്കയിലെത്തുകയും അവിടുത്തെ പ്രാദേശിക സമൂഹവുമായി ഇഴുകി ചേരുകയും ചെയ്തത് അദ്ദേഹം പരാമര്‍ശിച്ചു. ഇന്നതിന് ശ്രമിച്ചാല്‍ ജയിലിലടയ്ക്കുകയാകും പരിണിതഫലമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി ഉപയോഗിക്കുന്ന ടാന്‍സേനിയന്‍ സംസാരരീതിയാണ് തന്‍റെ രചനയില്‍ ഉപയോഗിച്ചത്. ആ ഭാഷയിലുള്ള ചില കാര്യങ്ങള്‍ സാധാരണ ഇംഗ്ലീഷിലേക്ക് മാറ്റുകയെന്നത് പ്രമേയത്തിന്‍റെ അന്തസ്സത്ത കളയുന്നതാകുമെന്ന് ബോധ്യമുണ്ടായിരുന്നു. കൊളോണിയലിസത്തിന്‍റെ പരിണിതഫലത്തിലേക്ക് സഹാനുഭൂതിയോടെ തുളച്ചു കയറുന്നതും സംസ്ക്കാരവും ഭൂഖണ്ഡങ്ങളും അഭയാര്‍ത്ഥികളുടെ വിധിയുമാണ് അദ്ദേഹത്തിന്‍റെ നൊബെല്‍ പുരസ്ക്കാര കൃതിയുടെ ഇതിവൃത്തം.

സാന്‍സിബാര്‍ വിപ്ലവത്തിന് ശേഷം ചെറുപ്രായത്തില്‍ തന്നെ ഇംഗ്ലണ്ടിലേക്ക് അഭയാര്‍ത്ഥിയായി പോകേണ്ടി വന്നയാളാണ് ഗുര്‍ണ. ലോകനേതാവ് എന്ന സങ്കല്‍പ്പത്തോട് തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സമയവും എന്താണ് ചെയ്യേണ്ടതെന്ന് നിരന്തരമായി ജനസമൂഹത്തിന് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമിയുടെ ഡിജിറ്റല്‍ യുവമാസികയായ ഇടം അബ്ദുള്‍ റസാഖ് ഗുര്‍ണ പ്രകാശനം ചെയ്തു.

Photo Gallery

+
Content