ശ്രീനാരായണ ഗുരുവിന്‍റെ കവിതകള്‍ക്ക് സംഗീതം നല്‍കുന്നത് പല അനുഭവതലങ്ങളിലേക്കുള്ള യാത്ര: ടി.എം. കൃഷ്ണ

Trivandrum / February 3, 2023

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍റെ കവിതകള്‍ക്ക് സംഗീതം നല്‍കുന്നത് ആത്മീയാചാര്യന്‍റെയും സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെയും വ്യത്യസ്ത അനുഭവതലങ്ങളിലൂടെയുള്ള യാത്രയാണെന്ന് കര്‍ണാടക സംഗീതജ്ഞനും ആക്ടിവിസ്റ്റുമായ ടി.എം. കൃഷ്ണ. ഗുരുവിന്‍റെ കവിതകളെ അദ്വിതീയമാക്കുന്നത് അര്‍ഥത്തിന്‍റെയും അനുഭവത്തിന്‍റെയും ഒന്നിലധികം തലങ്ങളാണ്. ബഹുതലങ്ങളില്ലാത്ത ഏതൊരു രചനയും, അത് സാഹിത്യമായാലും സംഗീതമായാലും പൂര്‍ണമല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മാതൃഭൂമി അക്ഷരോത്സവത്തില്‍ മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജനുമായുള്ള സെഷനില്‍ സംസാരിക്കവേ ടി.എം. കൃഷ്ണ പറഞ്ഞു.

ഏതൊരു നല്ല കവിതയുടെയും ആത്യന്തികമായ പരീക്ഷണം അതിന്‍റെ സങ്കല്‍പ്പന ശേഷിയാണ്. ഗുരുവിന്‍റെ കവിതകളില്‍ ഇത് സ്വയമേവ കടന്നുവരുന്നു. ഗുരുവിന്‍റെ കവിതകള്‍ ആലപിക്കുമ്പോള്‍ അവയുടെ നേരര്‍ഥം മാത്രമല്ല അറിയുന്നത്. ധാരാളം ദേവസ്തുതികളും ഭക്തികാവ്യങ്ങളും ശ്രീനാരായണഗുരു എഴുതിയിട്ടുണ്ട്. എന്നാല്‍ അവയ്ക്കുള്ളില്‍ ഭക്തി മാത്രമല്ല, കാലത്തെയും ചരിത്രത്തെയും സമകാലികതയെയും അടയാളപ്പെടുത്തുന്ന ഒന്നിലധികം അടരുകള്‍ ഉണ്ടായിരിക്കും. ഗുരുവിന്‍റെ കവിതകള്‍ മലയാളത്തിലായാലും തമിഴിലായാലും സംസ്കൃതത്തിലായാലും ഭാഷയുടെ ശക്തിയാല്‍ വരുന്ന ശബ്ദത്തിന്‍റെ സാധ്യതയാണ് ആളുകളെ സ്വാധീനിക്കുന്നത്. അതിന് യഥാര്‍ഥ ലോകത്തിലേക്ക് പ്രവേശിക്കാനും ആന്തരികവല്‍ക്കരിക്കാനുമുള്ള ബഹുമുഖ സവിശേഷതയാണുള്ളത്.

 ഗുരുദേവ കവിതകള്‍ കീര്‍ത്തന രൂപത്തില്‍ ചിട്ടപ്പെടുത്തിയത് ആന്തരികാര്‍ഥം ആളുകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നതിനാലാണെന്ന് ചോദ്യത്തിന് മറുപടിയായി കൃഷ്ണ പറഞ്ഞു. ഗുരുവിന്‍റെ കവിതയില്‍ ഒളിഞ്ഞിരിക്കുന്ന സംഗീതമാനങ്ങള്‍ വളരെക്കാലമായി പര്യവേഷണം ചെയ്യപ്പെടാതെ കിടക്കുന്നത് പ്രധാനമായും രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാലാണെന്നും ഗുരുവിന്‍റെ കൃതികള്‍ എവിടെ പാടിയാലും വലിയ സ്വീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Gallery

+
Content