അന്ധവിശ്വാസങ്ങളെ നേരിടേണ്ടത് വായനയിലൂടെ; വായനയിലെ നവസാങ്കേതികത്വം കാലഘട്ടത്തിന്‍റെ അനിവാര്യത- മുഖ്യമന്ത്രി

Trivandrum / February 2, 2023

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ സമൂഹത്തിലേക്ക് തിരികെ വരുമ്പോള്‍ അതിനെ നേരിടേണ്ടത് വായനയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായന മരിക്കുന്നില്ല, പക്ഷെ വായനയിലെ സാങ്കേതികത്വങ്ങള്‍ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 'ക' മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്‍റെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഗഹനമായ സാഹിത്യസൃഷ്ടികള്‍ പോലും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ വായനശാലാ മുന്നേറ്റത്തിലൂടെ മായ്ച്ച് കളഞ്ഞ അന്ധവിശ്വാസങ്ങള്‍ ഇന്ന് തിരികെയെത്തുന്നത് ദു:ഖകരമാണ്. ആഴത്തിലുള്ള വായനയിലൂടെ ഇത് മറികടക്കാനാകണം. വസ്തുതതകളെ വളച്ചൊടിച്ച് ചരിത്രത്തെ പുനര്‍രചിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പക്ഷെ സത്യത്തിന്‍റെ മൂല്യം മാറ്റാനാകില്ല. ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ മാതൃഭൂമി അക്ഷരോത്സവത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യത്തിന് പരമപ്രാധാന്യം നല്‍കുയും അതു വഴി കേരളത്തിന്‍റെ നവോത്ഥാനത്തിന് ക്രിയാത്മകമായ പങ്ക് വഹിക്കുകയും മാതൃഭൂമി ചെയ്തു. പത്രത്തിനൊപ്പം പ്രസാധനം, നവ മാധ്യമമായ എഫ് എം റേഡിയോ, ടിവി, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയിലേക്ക് മാതൃഭൂമി വളര്‍ന്നു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളവും മറ്റ് സംസ്ഥാനങ്ങളിലെ സാഹിത്യവുമായി എങ്ങിനെ ബന്ധപ്പെടാം എന്നതിന്‍റെ ഉദാഹരണമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പതിപ്പെന്നും അദ്ദേഹം പറഞ്ഞു.

സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ ക്രാന്തദര്‍ശിയായിരുന്നു അന്തരിച്ച മാതൃഭൂമി മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറെന്ന് പ്രശസ്ത കഥാകാരന്‍ ടി പത്മനാഭന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. രാഷ്ട്രീയ നേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, സംരംഭകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നത് ചെറിയകാര്യമല്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദനെക്കുറിച്ച് എഴുതിയ സന്യാസിയും മനുഷ്യനും എന്ന വീരേന്ദ്രകുമാറിന്‍റെ സാഹിത്യസൃഷ്ടിയെ അദ്ദേഹം എടുത്തു പറഞ്ഞു.

ലോകത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും മാതൃഭൂമി അക്ഷരോത്സവത്തിന് പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. 250 സെഷനുകളിലായി 500 ലധികം പ്രാസംഗികരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നോബല്‍ സമ്മാന ജേതാവ് അബ്ദുല്‍ റസാഖ് ഗുര്‍ണ, ബുക്കര്‍ സമ്മാന ജേതാവ് ഷെഹന്‍ കരുണ തിലക തുടങ്ങിയവര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍, ഡയറക്ടര്‍ മയൂര എം എസ്, ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍ പി വി നിധീഷ്, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് എന്നിവരും സംബന്ധിച്ചു.

ഫെബ്രുവരി അഞ്ചിന് സമാപിക്കുന്ന അക്ഷരോത്സവത്തില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാകും.

Photo Gallery

+
Content
+
Content