ആദിവാസിയെന്നത് ആത്മാഭിമാനമാകുമ്പോള്‍

Trivandrum / February 2, 2023

തിരുവനന്തപുരം: അനു പ്രശോഭിനിയ്ക്കും അച്ഛന്‍ പഴനിസ്വാമിയ്ക്കും അട്ടപ്പാടി ഊരിലെ ആദിവാസി മേല്‍വിലാസം മാത്രമായിരുന്നു സ്വന്തം. ജീവിതത്തിലെ കാടനുഭവങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത അനുവെന്ന പെണ്‍കുട്ടി എത്തിനില്ക്കുന്നത് മിസ് കേരളയെന്ന ആധുനികകാല പദവിയ്ക്ക് തൊട്ടടുത്താണ്.  കേരളത്തിന്‍റെ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കാനുള്ള മിസ് കേരള മത്സരത്തില്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗോത്രവര്‍ഗക്കാരിയാണ് അനു പ്രശോഭിനി.

 പ്രിയനന്ദനന്‍റെ സംവിധാനത്തില്‍ പൂര്‍ണമായും ആദിവാസി വിഭാഗക്കാര്‍ മാത്രം അഭിനയിച്ച 'ദബാരിക്കുരുവികള്‍' എന്ന സിനിമയില്‍ അനു പ്രധാന വേഷം ചെയ്തിട്ടുണ്ട്. അട്ടപ്പാടിയുടെ തനിമയും സൗന്ദര്യവും ജീവിതവും പുറംലോകത്തിനു പരിചയപ്പെടുത്തുന്ന 'അട്ടപ്പാടിക്കാരി' യൂട്യൂബ് ചാനലിനു പിന്നിലെ ബൗദ്ധികശക്തിയും അനു പ്രശോഭിനി തന്നെ.

പഴനിസ്വാമിയാകട്ടെ ഊരിന്‍റെ തനതു പാട്ടും നൃത്തവുമൊക്കെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനും അതിനെ സംരക്ഷിക്കാനും ശ്രമിക്കുന്നവരില്‍ പ്രമുഖനും. അയ്യപ്പനും കോശിയും ഉള്‍പ്പെടെയുള്ള വിവിധ സിനിമകളില്‍ ശ്രദ്ധേയങ്ങളായ വേഷം ചെയ്തെന്ന പ്രശസ്തിയുമുണ്ട് അദ്ദേഹത്തിന്.

പ്രതിസന്ധികളില്‍ പതറാത്ത നിശ്ചയദാര്‍ഢ്യം കൈമുതലായുള്ള അനുവിന് വന്ന വഴിയെക്കുറിച്ചുള്ള ധാരണയ്ക്കൊപ്പം ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവുമുണ്ട്. ആദിവാസിയെന്നത് മുന്‍പ് അപകര്‍ഷതാബോധം ഉണ്ടാക്കിയിരുന്നു. പക്ഷേ ഇപ്പോഴത് ആത്മാഭിമാനത്തിന്‍റെ മുഖമടയാളമാണെന്ന് അനു സാക്ഷ്യപ്പെടുത്തുന്നു. ഗോത്രവിഭാഗത്തില്‍പ്പെട്ട തനിക്ക് ഫാഷന്‍മേഖലയില്‍ കൈയ്യൊപ്പ് പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും അതിന് സാധിക്കും. ഫാഷന്‍ഷോകളില്‍ സൗന്ദര്യത്തിന് വലിയ പങ്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. ഫാഷന്‍ ഷോ മത്സരത്തിലെ ഗ്രൂമിംഗ് സെഷനില്‍ അപകര്‍ഷതാബോധവും പേടിയുമൊക്കെ ഉണ്ടായിരുന്നു. കഴിവുകള്‍ തെളിയിക്കാന്‍ ഒരവസരമല്ലേ ലഭിക്കൂ എന്നു ചിന്തിച്ചു. ഒപ്പമുള്ളവര്‍ക്ക് പ്രചോദനമാകണമെന്നും കരുതി.

 മോഡലിംഗ് മേഖലയില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന ചിന്തയാണ് പൊതുസമൂഹത്തിലുള്ളത്. ഇതിലേക്ക് വരുന്ന എന്നെപ്പോലെയുള്ള പെണ്‍കുട്ടികള്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ട്. അച്ഛനും അമ്മയും പൂര്‍ണ പിന്തുണ തന്നു. ഒറ്റപ്പെടലുകള്‍ വേദനയായെങ്കിലും മുന്നേറണമെന്ന ആഗ്രഹം തീവ്രമായിരുന്നു. നമ്മളെപ്പോലെയുള്ളവര്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത ഇടങ്ങള്‍ കുറവാണ്. പല തടസങ്ങള്‍ ഉണ്ടായാലും സ്വയം മുന്നോട്ടു വരാനും അവസരങ്ങള്‍ നന്നായി ഉപയോഗിക്കാനും കഴിയണമെന്നാണ് പുതിയ കുട്ടികളോട് പറയാനുള്ളത്. എന്നെപ്പോലെ ഗോത്രവര്‍ഗത്തില്‍ നിന്നുവരുന്ന കുട്ടികള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നു-അനു പറയുന്നു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്‍റെ നാലാംപതിപ്പിലെ ചര്‍ച്ചയില്‍ സംസാരിക്കുകയിരുന്നു അവര്‍. ചര്‍ച്ചയില്‍ വി. പ്രവീണ മോഡറേറ്ററായി.

എന്‍റെ കലാവാസന തിരിച്ചറിഞ്ഞതും ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നതും അച്ഛനും അമ്മയുമാണ്. വളരെ ചുരുക്കം പേരുടെ പിന്തുണ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. അച്ഛന്‍ പഴനിസ്വാമി മണ്ണാര്‍ക്കാട് വനം വകുപ്പില്‍ ജീവനക്കാരനാണ്. അച്ഛന്‍ പണ്ടുതൊട്ടേ നാടകരംഗത്തും സിനിമാരംഗത്തുമുണ്ട്. അമ്മ ബി. ശോഭ എസ്ടി പ്രമോട്ടറാണ്. അനിയന്‍ ആദിത്യന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. ഇപ്പോള്‍ പാലക്കാട് മോയിന്‍ സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അധ്യാപനത്തിലാണ് താല്പര്യം. ഒരു ഇംഗ്ലിഷ് ലക്ചറര്‍ ആകണമെന്നാണ് ആഗ്രഹം. ആങ്കറിംഗും ഇഷ്ടമേഖലയാണ്. തനിക്ക് സിനിമയില്‍ പ്രതീക്ഷയുണ്ടെന്നതും അനു മറച്ചു വയ്ക്കുന്നില്ല.

'അട്ടപ്പാടിയിലെ ആദിവാസി വിഭാഗമായ ഇരുളര്‍ക്കിടയില്‍ തനതായ ധാരാളം കലാരൂപങ്ങളുണ്ട്.  ഇതിന്‍റെ പ്രചാരണവും വികാസവും ലക്ഷ്യമിട്ടാണ് 2004 ല്‍ ആസാദ് കലാസംഘം സ്ഥാപിച്ചത്. കലാരംഗത്ത് അറിയപ്പെടുന്നൊരാളായി മാറാന്‍ ഒരുപാട് കാലം കഷ്ടപ്പെട്ടിട്ടുണ്ട്. ആസാദ് കലാസംഘത്തിലെ അംഗമായ നാഞ്ചിയമ്മയുടെ അയ്യപ്പനും കോശിയിലേയും പാട്ട് ദേശീയശ്രദ്ധ ആകര്‍ഷിച്ചതോടെ പുതിയ തലമുറയിലെ കുട്ടികള്‍ സമുദായത്തിലെ തനതു കലകള്‍ പഠിക്കാന്‍ മുന്നോട്ട് വരുന്നു. അവരുടെ അപകര്‍ഷതാബോധം കുറയ്ക്കുന്നതില്‍ സച്ചിസാറിന്‍റെ അയ്യപ്പനും കോശിയും ചിത്രം വഹിച്ച പങ്ക് ചെറുതല്ല.

 കൊവല്‍ പോലെയുള്ള വാദ്യോപകരണങ്ങള്‍ അന്യം നിന്നു പോകുന്ന സാഹചര്യമുണ്ട്. പുതിയ തലമുറയ്ക്ക് അതുപോലുള്ളവ പരിശീലിക്കാന്‍ കഴിയണം. അട്ടപ്പാടിയിലെ പുതുതലമുറയ്ക്ക് ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ടുകളില്‍ പഠിക്കാനുള്ള അവസരമുണ്ടാകണം. അട്ടപ്പാടിയിലെ മധുവിന്‍റെ കേസ് ദേശീയശ്രദ്ധ ആകര്‍ഷിച്ചതിലൂടെ ആദിവാസികള്‍ക്ക് കുറച്ചു കൂടി സുരക്ഷ ലഭിക്കുന്നുണ്ട്. മനുഷ്യരുടെ കടന്നുകയറ്റമാണ് ആനയുള്‍പ്പെടെയുള്ള ജന്തുക്കളെ നാട്ടിലേക്ക് എത്തിക്കുന്നതെന്ന് കരുതുന്നു. അട്ടപ്പാടിയിലെ വികസനപദ്ധതികളുടെ ആസൂത്രണം എവിടെയൊക്കെയോ വഴിതെറ്റുന്നുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പകരം ആദിവാസികളുടെ പുതിയ തലമുറയ്ക്ക് മുന്നോട്ടു വരാന്‍ സാധിക്കുന്ന തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്താനാകണം-പഴനിസ്വാമി പറയുന്നു.

Photo Gallery

+
Content