കേരള ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ നടപ്പാക്കുന്നത് നിരവധി നൂതന പദ്ധതികള്‍: മന്ത്രി മുഹമ്മദ് റിയാസ്

Trivandrum / February 2, 2023

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ റെക്കോര്‍ഡ് വരവ് ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍ കേരള ടൂറിസം നിരവധി നൂതന ആശയങ്ങളും പദ്ധതികളും ആവിഷ്കരിക്കാനൊരുങ്ങുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സഞ്ചാരികളുടെ പുതിയ അഭിരുചികള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും എല്ലാ സീസണിനും അനുയോജ്യമായ ഡെസ്റ്റിനേഷനായി കേരളത്തെ ബ്രാന്‍ഡ് ചെയ്യാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'പറന്നുയരാന്‍ ടൂറിസം' എന്ന സെഷനില്‍ മജീഷ്യനും ടെലിവിഷന്‍ അവതാരകനുമായ രാജ് കലേഷുമായുള്ള സംഭാഷണത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.

 കേരളത്തിന്‍റെ സാംസ്കാരം, ഭക്ഷണം, കലകള്‍, മണ്‍സൂണ്‍, വെല്‍നസ്, ബീച്ച് ടൂറിസം എന്നിവയ്ക്ക് ഉണര്‍വ് നല്‍കും വിധം സംസ്ഥാനം മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതി ആവിഷ്കരിക്കാനാണ് ഒരുങ്ങുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍, ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിന്‍ തുടങ്ങിയവയുടെ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കേരള ടൂറിസത്തിന്‍റെ മികവിനുള്ള അംഗീകാരമാണ്. ഈ പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും.

 കോവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്നരക്കോടിയിലധികം ആഭ്യന്തര സഞ്ചാരികളാണ് 2022 ല്‍ കേരളത്തിലെത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 2022 ലേതു പോലെ 2023 ഉം കേരള ടൂറിസത്തിന് നേട്ടത്തിന്‍റെ വര്‍ഷമായിരിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകളും നൈറ്റ് ലൈഫും സജീവമാക്കും. ബേപ്പൂര്‍, ബേക്കല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ മാതൃകയില്‍ ഈ വര്‍ഷം നവംബറില്‍ കേരളത്തിലെ 10 ബീച്ചുകളില്‍ ബീച്ച് ഫെസ്റ്റ് നടത്തും. യൂറോപ്യന്‍ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനായി മണ്‍സൂണ്‍ ടൂറിസവും വെല്‍നസ് ടൂറിസവും സംയോജിപ്പിച്ചുള്ള പാക്കേജ് നടപ്പാക്കും. ടൂറിസം പദ്ധതികള്‍ സഞ്ചാരികളെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയയും ആപ്പുകളും പരസ്യ കാമ്പയിനുകളും ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്.
കേരളത്തിന്‍റെ ഏറ്റവും വലിയ ഉത്സവമായ ഓണാഘോഷത്തെ വിദേശികളെ ആകര്‍ഷിക്കും വിധം ടൂറിസം ബ്രാന്‍ഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന ഡിസൈന്‍ പോളിസി ടൂറിസം കേന്ദ്രങ്ങളുടെ മുഖച്ഛായ മാറ്റാന്‍ പോന്നതാണ്. 2024 ഓടെ ഇത് നടപ്പാക്കാനാകും. മാതൃഭൂമി അക്ഷരോത്സവം പോലുള്ള പ്രധാന സാഹിത്യോത്സവങ്ങള്‍ സാംസ്കാരിക ടൂറിസം രംഗത്ത് കാര്യമായ സംഭാവന നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി മാനേജിങ് ഡയറക്ടറും ഫെസ്റ്റിവെല്‍ ചെയര്‍മാനുമായ എം.വി. ശ്രേയാംസ്കുമാര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററും ഫെസ്റ്റിവെല്‍ ചീഫ് പാട്രണുമായ പി.വി. ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

 മാതൃഭൂമിയുടെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന 'ക ഫെസ്റ്റിവെല്‍' എന്നറിയപ്പെടുന്ന അക്ഷരോത്സവത്തില്‍ നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠ ജേതാക്കളുള്‍പ്പെടെ ലോകമെമ്പാടുമുള്ള 400 ലധികം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. 'ചരിത്രത്തിന്‍റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്നതാണ് അക്ഷരോത്സവത്തിന്‍റെ പ്രമേയം. എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാ, കഥാവായനകള്‍ എന്നിവ സെഷനുകളെ സമ്പന്നമാക്കും. സാഹിത്യപ്രതിഭകള്‍ക്കൊപ്പം സിനിമ, കല, മാധ്യമപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള വേദി കൂടിയായി ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന അക്ഷരോത്സവം മാറും.

Photo Gallery

+
Content