സര്‍ക്കാരിന്‍റെ സേ നോ ടു ഡ്രഗ്സ് പ്രചാരണ പരിപാടിയ്ക്ക് പിന്തുണയുമായി മില്‍മ അറ്റ് സ്കൂള്‍ പദ്ധതി

Trivandrum / February 2, 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 'സേ നോ ടു ഡ്രഗ്സ്' പ്രചാരണത്തിന് പിന്തുണയുമായി മില്‍മ അറ്റ് സ്കൂള്‍ പദ്ധതി ആവിഷ്ക്കരിച്ചു. സംസ്ഥാനത്തൊട്ടാകെ 80ല്‍പ്പരം സ്കൂളുകളിലാണ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (മില്‍മ) ഈ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഫെഡറേഷന്‍റെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ യൂണിയനുകളുമായി സഹകരിച്ചാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഓരോ സ്കൂളുകളിലും അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍ മുഖാന്തരമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാന്‍റീനുകള്‍ ഇല്ലാത്ത സ്കൂളുകളില്‍ മില്‍മ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങും. കാന്‍റീനുകള്‍ ഉള്ള സ്കൂളുകളില്‍ മില്‍മയുടെ ഉത്പന്നങ്ങള്‍ ലഭിക്കുന്ന ബൂത്തുകള്‍ പിടിഎയുടെ സഹകരണത്തോടെ നടപ്പാക്കും. കുട്ടികള്‍ സ്കൂളുകള്‍ക്ക് പുറത്തു പോയി ഐസ്ക്രീം, ശീതളപാനീയങ്ങള്‍ തുടങ്ങിയ ലഘുഭക്ഷണ (ഉത്പന്ന)ങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. സ്കൂള്‍ കുട്ടികള്‍ അജ്ഞാതരുമായി ഇടപെടുന്നത് ഒഴിവാക്കാനും ജങ്ക് ഫുഡിന്‍റെ പിടിയില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനുമാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

Photo Gallery