മാതൃഭൂമി അക്ഷരോത്സവത്തിന് മന്ത്രി സജി ചെറിയാന്‍ പതാക ഉയര്‍ത്തി

അക്ഷരോത്സവം നാലാം പതിപ്പ് ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ
Trivandrum / February 1, 2023

തിരുവനന്തപുരം: മാതൃഭൂമിയുടെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കൊടി ഉയര്‍ന്നു. തിരുവനന്തപുരം കനകക്കുന്നില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പതാക ഉയര്‍ത്തിയതോടെയാണ് അക്ഷരോത്സവത്തിന് തുടക്കമായത്.

 കേരളത്തിന്‍റെ സാംസ്കാരിക, മാധ്യമ രംഗങ്ങളില്‍ മാതൃഭൂമിയുടെ മഹത്തരമായ പ്രവര്‍ത്തനങ്ങളിലെ മറ്റൊരു പ്രധാന വേദിയാണ് അക്ഷരോത്സവമെന്ന് സജി ചെറിയാന്‍ പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ആരംഭിച്ച മാതൃഭൂമി എക്കാലത്തും കേരളത്തിന്‍റെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിലും കേരളത്തിന്‍റെ സാംസ്കാരിക, സാമൂഹിക മുന്നേറ്റത്തിലും മാതൃഭൂമിയുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് അക്ഷരോത്സവത്തിന്‍റെ ഫെസ്റ്റിവെല്‍ ബുക്ക് പുറത്തിറക്കി റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.

മാതൃഭൂമിയുടെ ശതാബ്ദിയും മൂന്ന് വിഖ്യാത കൃതികളുടെ ശതാബ്ദിയും ഒരുമിച്ച് വന്നത് യാദൃശ്ചികതയും സന്തോഷകരമായ അനുഭവവുമാണെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടറും ഫെസ്റ്റിവെല്‍ ചെയര്‍മാനുമായ എം.വി.ശ്രേയാംസ്കുമാര്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു.

വി.കെ.പ്രശാന്ത് എം.എല്‍.എ., ബുക്കര്‍ ജേതാവായ ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാര്‍ത്തി, കവി കെ.ജി.ശങ്കരപ്പിള്ള, മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററും ഫെസ്റ്റിവെല്‍ ചീഫ് പാട്രണുമായ പി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മാതൃഭൂമിയുടെ നൂറു  വര്‍ഷങ്ങള്‍ക്കൊപ്പം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ലോക ക്ലാസിക്കുകളുടെ ആദരത്തിനും അക്ഷരോത്സവം വേദിയായി. മഹാകവി കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകിയെക്കുറിച്ച് വി.മധുസൂദനന്‍ നായരും, ഖലീല്‍ ജിബ്രാന്‍റെ ദി പ്രൊഫെറ്റിനെക്കുറിച്ച് ഡോ.എം.എ. അസ്കര്‍, പ്രൊഫ. അലിയാര്‍ എന്നിവരും, ടി.എസ്. എലിയറ്റിന്‍റെ ദി വേസ്റ്റ്ലാന്‍ഡിനെക്കുറിച്ച് ഡോ.ബി. ഹരിഹരനും പ്രഭാഷണം നടത്തി.

 തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ഥിനികള്‍ കവിത ആലപിച്ചു. മണിപ്പൂരി ശാസ്ത്രീയനൃത്തമായ പുങ് ചോലോം, നൃത്തനാടകം 'രാസ് ലീല' എന്നിവയുടെ അവതരണവും സായാഹ്നത്തെ ആകര്‍ഷകമാക്കി.

ഇന്ന് (ഫെബ്രുവരി 2 വ്യാഴം) രാവിലെ 10 ന് മലയാളത്തിന്‍റെ ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുടെ ആമുഖ പ്രഭാഷണത്തോടെയാണ് അക്ഷരോത്സവത്തിന്‍റെ  സെഷനുകള്‍ക്ക് തുടക്കമാകുക. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അക്ഷരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

 അക്ഷരോത്സവത്തിന്‍റെ ആദ്യദിനത്തില്‍ ടാന്‍സാനിയന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റും നോബേല്‍ ജേതാവുമായ അബ്ദുള്‍റസാഖ് ഗുര്‍ണ, ഐറിഷ് എഴുത്തുകാരന്‍ കോളം മക്കാന്‍, ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ്, സുധാമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിക്കും.

'ക ഫെസ്റ്റിവെല്‍' എന്നറിയപ്പെടുന്ന അക്ഷരോത്സവത്തില്‍ നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠ ജേതാക്കളുള്‍പ്പെടെ ലോകമെമ്പാടുമുള്ള 400 ലധികം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും. 'ചരിത്രത്തിന്‍റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്നതാണ് അക്ഷരോത്സവത്തിന്‍റെ പ്രമേയം. എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാ, കഥാവായനകള്‍ എന്നിവ സെഷനുകളെ സമ്പന്നമാക്കും.സാഹിത്യപ്രതിഭകള്‍ക്കൊപ്പം സിനിമ, കല, മാധ്യമപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള വേദിയായി ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന അക്ഷരോത്സവം മാറും.

 
പി.വി. നിധീഷ് ഫെസ്റ്റിവെല്‍ പാട്രണും മയൂര എം.എസും ദേവിക എം.എസും ഫെസ്റ്റിവെല്‍ ഡയറക്ടര്‍മാരുമാണ്.

 

Photo Gallery

+
Content
+
Content