പിരിച്ചുവിടലിന്‍റെ കാലത്ത് ആശ്വാസമാകാന്‍ ഗിഗ്സ്ബോര്‍ഡ്; കമ്പനിയുടെ ആഗോള ലോഞ്ചിംഗ് നടന്നു;കമ്പനിയുടെ ആഗോള ലോഞ്ചിംഗ് നടന്നു

Calicut / February 1, 2023

കോഴിക്കോട്: ലോകമെമ്പാടും വന്‍കിട ടെക് കമ്പനികള്‍ ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ യുണീക് ഐഡിയുള്ള ഗിഗ്സ്ബോര്‍ഡ് എന്ന സ്റ്റാര്‍ട്ടപ്പ്. പ്രൊഡക്ട് ഹണ്ട് എന്ന അമേരിക്കന്‍ വെബ്സൈറ്റ് വഴി ഗിഗ്സ്ബോര്‍ഡ് ആഗോള ലോഞ്ച് നടത്തി.

 

ഐടി പ്രൊജക്ടുകള്‍, ചെലവുകുറഞ്ഞ രീതിയില്‍ ചെയ്ത് നല്‍കുന്ന സ്ഥാപനമാണ് ഗിഗ്സ് ബോര്‍ഡ്. പിരിച്ചുവിട്ടവര്‍, പിരിച്ചുവിടുമെന്ന ഭീഷണിയുള്ളവര്‍, സ്വതന്ത്ര ഐടി പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഗിഗ്സ്ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലം ഒരു പ്രൊജക്ടില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടതില്ല. സ്വതന്ത്ര കണ്‍സല്‍ട്ടന്‍റുകളായി പ്രവര്‍ത്തിക്കാമെന്ന മെച്ചവുമുണ്ട്.

ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട-ഇടത്തരം ഐടി സേവനദാതാക്കള്‍ തുടങ്ങിയവയ്ക്ക് ഗിഗ്സ്ബോര്‍ഡിന്‍റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ചെലവ് കുറച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐടി സേവനമാണ് ഗിഗ്സ്ബോര്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം ലോകത്തെമ്പാടും 1,70,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി ഗിഗ്സ്ബോര്‍ഡിന്‍റെ സ്ഥാപകന്‍ സുജിത് കെ  ഭാസ്കരന്‍ ചൂണ്ടിക്കാട്ടി. 2023 ന്‍റെ തുടക്കത്തില്‍ പ്രവചിക്കപ്പെട്ട മാന്ദ്യം 2024 വരെയുണ്ടാകുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കാനുള്ള വേദിയാണ് ഗിഗ്സ് ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണമായി സുരക്ഷിതമാണ് ഗിഗ്സ്ബോര്‍ഡിന്‍റെ പ്രവര്‍ത്തനമെന്ന് സുജിത് പറഞ്ഞു. ചെറുകിട സംരംഭങ്ങള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ തങ്ങളുടെ ഐടി സേവനങ്ങള്‍ ലഭ്യമാക്കുന്നത് വഴി അവര്‍ക്ക് കാലത്തിനനുസരിച്ച് മാറാനുള്ള അവസരവും കൈവരുമെന്നും അദ്ദേഹം പറഞ്ഞു.

Photo Gallery