ടൂറിസം-പൊതുമരാമത്ത് ഡിസൈന്‍ പോളിസി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Trivandrum / January 27, 2023

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉതകുന്ന ഡിസൈന്‍ പോളിസി സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോവളം വെള്ളാറില്‍ നടക്കുന്ന ത്രിദിന ഡിസൈന്‍ പോളിസി ശില്‍പ്പശാലയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശില്‍പ്പശാലയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് തയ്യാറാക്കുന്ന കരട് ഡിസൈന്‍ നയം സര്‍ക്കാരില്‍ ചര്‍ച്ചചെയ്ത് തുടര്‍നടപടികള്‍ കൈെക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഡിസൈന്‍ പോളിസി രാജ്യത്തെ അദ്യത്തെ സംരംഭമാണ്. ഇത് പൊതുമരാമത്ത്, ടൂറിസം മേഖലകളിലെ കെട്ടിടങ്ങള്‍ ആസൂത്രണ, രൂപകല്‍പ്പന, നിര്‍മ്മാണ സങ്കല്‍പ്പങ്ങളെ സമൂലമായി മാറ്റും. കേരളത്തെ ആഗോള വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് ഡിസൈന്‍ പോളിസി ഉപകാരപ്പെടും.

ഡിസൈന്‍ പോളിസി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ തേടി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഔദ്യോഗിക സന്ദര്‍ശനം നടത്തിയെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഡിസൈന്‍ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈന്‍ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്‍പ്പന സംബന്ധിച്ച് ശില്‍പ്പശാലയില്‍ സമഗ്ര നയം തയ്യാറാക്കും. റോഡ് മേല്‍പ്പാലങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന അടിഭാഗത്തെ സ്ഥലങ്ങള്‍ ഡിസൈന്‍ പോളിസിയുടെ ഭാഗമായി ഫലപ്രദമായി പ്രയോജനപ്പെടുത്തും. നദികളുടെ പാലങ്ങള്‍ വൈദ്യുതാലങ്കാരം നടത്തി ആകര്‍ഷകമാക്കും.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പിലെ ആസൂത്രണ വിദഗ്ധര്‍, ആര്‍കിടെക്റ്റുമാര്‍, സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍, നയകര്‍ത്താക്കള്‍ മുതലായവര്‍ക്ക് ആശ്രയിക്കാവുന്ന മാര്‍ഗദര്‍ശക ചട്ടക്കൂട് ആയിട്ടാണ് ഡിസൈന്‍ പോളിസി രൂപപ്പെടുത്തുന്നത്. അനുഭവങ്ങളുടെ വൈവിധ്യത്തിലേക്ക് വിനോദസഞ്ചാരത്തിന്‍റെ ഊന്നല്‍ മാറിയ കാലത്ത് ഡിസൈന്‍ പോളിസി രൂപപ്പെടുത്തുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, കെ ടി ഐ എല്‍ എം ഡി ഡോ.മനോജ്കുമാര്‍ കെ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിലെ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന ഡിസൈന്‍ രംഗത്തെ വിദഗ്ധരുമായി മന്ത്രി സംവദിച്ചു. ഇന്ന് (ശനി) നടക്കുന്ന സമാപന സമ്മേളനത്തില്‍ കരട് ഡിസൈന്‍ നയരേഖ മന്ത്രിക്ക് കൈമാറും.

Photo Gallery