ടൂറിസം-പൊതുമരാമത്ത് ഡിസൈന്‍ പോളിസി ശില്‍പ്പശാലയ്ക്ക് ഇന്ന് (ജനുവരി 26) തുടക്കം

'ഫ്യൂച്ചര്‍ ബൈ ഡിസൈന്‍' വെള്ളാര്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Trivandrum / January 25, 2023

തിരുവനന്തപുരം: കേരളത്തിന്‍റെ പശ്ചാത്തല വികസന മേഖലയില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ രൂപകല്‍പ്പന നയം തയ്യാറാക്കുന്നതിനായുള്ള 'ഫ്യൂച്ചര്‍ ബൈ ഡിസൈന്‍' ശില്‍പ്പശാലയ്ക്ക് ഇന്ന് (ജനുവരി 26) തുടക്കം. ടൂറിസം വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന 'ഡിസൈന്‍ പോളിസി ശില്‍പ്പശാല-2023' വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്‍പ്പന സംബന്ധിച്ച് സമഗ്ര നയം തയ്യാറാക്കുകയാണ് ത്രിദിന ശില്‍പ്പശാലയുടെ ലക്ഷ്യം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഡിസൈന്‍ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈന്‍ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉതകുന്നതായിരിക്കും ഈ നയം.

 ഉദ്ഘാടന സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി വി പി ജോയ് മുഖ്യപ്രഭാഷണം നടത്തും. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് സ്വാഗതം ആശംസിക്കും. ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. കെ രവി മാമന്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ന്യൂഡല്‍ഹിയിലെ സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ മുന്‍ ഡീന്‍ പ്രൊഫ. കെ ടി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പിലെ ആസൂത്രണ വിദഗ്ധര്‍, ആര്‍കിടെക്റ്റുമാര്‍, സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍, നയകര്‍ത്താക്കള്‍ മുതലായവര്‍ക്ക് ആശ്രയിക്കാവുന്ന മാര്‍ഗദര്‍ശക ചട്ടക്കൂട് ആയിട്ടാണ് ഡിസൈന്‍ പോളിസി രൂപപ്പെടുത്തുന്നത്. അനുഭവങ്ങളുടെ വൈവിധ്യത്തിലേക്ക് വിനോദസഞ്ചാരത്തിന്‍റെ ഊന്നല്‍ മാറിയ കാലത്ത് ഡിസൈന്‍ പോളിസി രൂപപ്പെടുത്തുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.

ഡിസൈന്‍ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഇന്ത്യയിലെ ഉന്നത സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരോടൊപ്പം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറ്റമ്പതോളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളില്‍ ഒന്‍പത് സെഷനുകളിലായി നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് തയ്യാറാക്കുന്ന കരട് ഡിസൈന്‍ നയം തുടര്‍നടപടികള്‍ക്കായി പൊതുമരാമത്ത്, ടൂറിസം മന്ത്രിക്ക് സമര്‍പ്പിക്കും.


സമാപന സമ്മേളനവും കരട് ഡിസൈന്‍ നയരേഖ സമര്‍പ്പണവും ജനുവരി 28 ന് വൈകുന്നേരം മൂന്നിന് നടക്കും. കരട് ഡിസൈന്‍ നയരേഖ മന്ത്രി പി എ മുഹമ്മദ് റിയാസിന് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഡയറക്ടര്‍ പ്രൊഫ. പ്രവീണ്‍ നഹാര്‍ സമര്‍പ്പിക്കും.  ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, സ്വാഗതം പറയും. സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ മുന്‍ ഡീന്‍ പ്രൊഫ. കെ ടി രവീന്ദ്രന്‍ നയരേഖ അവതരണം നടത്തും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം ഡി ഡോ. മനോജ് കുമാര്‍ കെ, കേരള പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Photo Gallery