സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം ലഭ്യമാക്കാന്‍ 'മൈന്‍ഡ്' പദ്ധതിയുമായി കെഎസ് യുഎം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം ലഭ്യമാക്കാന്‍ 'മൈന്‍ഡ്' പദ്ധതിയുമായി കെഎസ് യുഎം
Calicut / January 24, 2023

കോഴിക്കോട്:  ഉയര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള നിലവാരത്തിലുള്ള വിദഗ്ധോപദേശവും ദീര്‍ഘകാല പിന്തുണയും ലഭ്യമാക്കുന്ന 'മെന്‍ഡ്(യു)വര്‍ ബിസിനസ്' എന്ന പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിച്ചു. മെന്‍റര്‍ ഇന്‍സ്പയേര്‍ഡ് നെറ്റ് വര്‍ക്കിംഗ് ഓണ്‍ ഡിമാന്‍ഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് മൈന്‍ഡ്.

കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന മൈന്‍ഡിന്‍റെ ആദ്യ പരിപാടിയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പത്ത് വിദഗ്ധരാണ് സ്റ്റാര്‍ട്ടപ്പുകളുമായി ആശയവിനിമയം നടത്തിയത്. മുപ്പത് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. എല്ലാ മാസവും ഓരോ പതിപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.


സ്റ്റാര്‍ട്ടപ്പുകളുടെ വിവിധ പ്രവര്‍ത്തനമേഖലകളില്‍ വിദഗ്ധരായ വ്യക്തികളെ ബന്ധപ്പെടുത്തും. സംരംഭകത്വത്തില്‍ വിദഗ്ധരായ ഇവരുമായി ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുക, നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തുണയോടെയുള്ള വിദഗ്ധോപദേശം, സംരംഭത്തിന്‍റെ വിജയത്തിനാവശ്യമായ വാണിജ്യ ബന്ധങ്ങള്‍ ഉണ്ടാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കെഎസ് യുഎം ഉദ്ദേശിക്കുന്നത്.


ആദ്യത്തെ മൈന്‍ഡ് പരിപാടിയില്‍ 73 പരസ്പരചര്‍ച്ചകളാണ് നടന്നത്. മൂലധന ക്രമീകരണവും നിക്ഷേപ സമാഹരണവും എന്ന വിഷയത്തിലായിരുന്നു ആദ്യ ചര്‍ച്ച. സ്വന്തം സംരംഭത്തെ ആകര്‍ഷകമായി നിക്ഷേപക സമൂഹത്തിന് മുന്നില്‍ എങ്ങിനെ അവതരിപ്പിക്കാമെന്നും സംരംഭത്തിന്‍റെ മൂല്യനിര്‍ണയം, വിഭവങ്ങളുടെ ശരിയായ ഉപയോഗം എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.


സംരംഭങ്ങളുടെ പ്രവര്‍ത്തനത്തില്‍ വിദഗ്ധരുടെ പാനല്‍ തൃപ്തി രേഖപ്പെടുത്തി. പരിപാടിയില്‍ പങ്കെടുത്ത 30 സ്റ്റാര്‍ട്ടപ്പുകളില്‍ ചിലത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യൂണികോണുകളായി മാറാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. മെറാക് വെഞ്ച്വേഴ്സ് കേരളത്തില്‍ നിക്ഷേപസാധ്യതകള്‍ ആരായുന്നുണ്ടെന്നും മൈന്‍ഡ് ഇതിന് ഏറെ സഹായകരമായി എന്നും കമ്പനിയുടെ അസോസിയേറ്റ് പ്രിന്‍സിപ്പല്‍ പ്രണവ് സാങ്വി പറഞ്ഞു.


വെഞ്ച്വര്‍ വേയുടെ ചെയര്‍മാനും എംഡിയുമായ വിനയ് കൈനാടി, മേറാക് വെഞ്ച്വേഴ്സിന്‍റെ അസോസിയേറ്റ് പ്രിന്‍സിപ്പല്‍ പ്രണവ് സാങ്വി, ബംഗളുരുവിലെ ഐഐഎം സോഷ്യല്‍ ഇംപാക്ട് അഡ്വൈസറി ഡയറക്ടര്‍ ഡോ. അര്‍ച്ചന പിള്ള, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഹരികൃഷ്ണന്‍ വാസുദേവന്‍, ഇസാഫ് ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി സ്വാമിനാഥന്‍ കൃഷ്ണമൂര്‍ത്തി,  ഐബിഎം കോംപിറ്റന്‍സി ലീഡര്‍ സന്തോഷ് മേലേകളത്തില്‍, ജിയോജിത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന്‍, എന്‍ട്രി ആപ്പിന്‍റെസ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ദീന്‍, സൂപ്പര്‍ ആപ്പിന്‍റെ സഹസ്ഥാപകന്‍ റോഷന്‍ കൈനാടി, ക്ലീന്‍ എനര്‍ജി വിദഗ്ധന്‍ ദീപക് ബാലചന്ദ്രന്‍ എന്നിവരാണ് സംരംഭകരുമായി സംസാരിച്ചത്.

Photo Gallery