ഒഎന്‍ഡിസി, കേരളസര്‍ക്കാരിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു വ്യവസായ സംഗമത്തില്‍ 75-ലധികം സ്റ്റാളുകള്‍

ഒഎന്‍ഡിസി, കേരളസര്‍ക്കാരിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു വ്യവസായ സംഗമത്തില്‍ 75-ലധികം സ്റ്റാളുകള്‍
Kochi / January 21, 2023

കൊച്ചി: ആഭ്യന്തര വ്യവസായ വ്യാപാര പ്രോത്സാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച  ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന് (ഒഎന്‍ഡിസി) സംരംഭകര്‍ക്കിടയില്‍ ജനപ്രീതിയേറുന്നു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച സംരംഭക മഹാസംഗമത്തിലെ സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ കേരളഇമാര്‍ക്കറ്റ്ഡോട്കോമിന്‍റെ വിശദാംശങ്ങളറിയാനും സംരംഭകരുടെ തിരക്കായിരുന്നു.

 

ഒഎന്‍ഡിസി പ്ലാറ്റ്ഫോം കേന്ദ്രീകൃത ഡിജിറ്റല്‍ കൊമേഴ്സ് മോഡലിന് അപ്പുറത്തേക്ക് പോകുന്ന ഒന്നാണ്. വില്‍പ്പനക്കാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമായി ഒഎന്‍ഡിസി  മാറിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഉല്പന്നങ്ങള്‍ വില്ക്കാന്‍ ഒഎന്‍ഡിസി പ്ലാറ്റ്ഫോം സഹായകമാകും.

യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസിന് (യുപിഐ) സമാനമായ ഒഎന്‍ഡിസി പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ വെണ്ടറെ സഹായിക്കാറുണ്ടെന്ന് ബെംഗളൂരുവിലെ ഇസമുദായ്, കസ്റ്റമര്‍ സക്സസ് മാനേജര്‍ കാര്‍ത്തിക് ശ്രേയസ് പറഞ്ഞു. ഉല്പന്ന നിര്‍മ്മാതാവ് സ്വന്തമായൊരു മികച്ച സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കണമെങ്കില്‍ കുറഞ്ഞത് 15 മുതല്‍ 20 ലക്ഷം രൂപ വരെ ചെലവ് വരും. എന്നാല്‍ ഡിജിറ്റല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍മാര്‍ക്ക് 15,000 രൂപ ഒറ്റത്തവണ ഫീസ് ഈടാക്കി അത് നല്കാനാകും.

 
  ഇ-കൊമേഴ്സ് മേഖല വികസിപ്പിക്കുന്നതിനായി 2021-ല്‍ ആരംഭിച്ച  ഒഎന്‍ഡിസി പ്ലാറ്റ്ഫോമിലൂടെ ഒരു ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിക്കപ്പെടുകയാണ്. രാജ്യത്തെ ഏതൊരു ഓണ്‍ലൈന്‍ വില്‍പ്പനക്കാരനെയും വാങ്ങുന്നയാളുമായി ബന്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

 
ഒഎന്‍ഡിസി ഒരു ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയതുകൊണ്ടു തന്നെ ഒരേ പ്ലാറ്റ്ഫോമില്‍ എല്ലാ ഉല്‍പ്പന്നങ്ങളേയും കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്ന് സെല്ലര്‍ആപ്പ് പ്രതിനിധിയായ ജോ പറഞ്ഞു.


കേരളഇമാര്‍ക്കറ്റ്ഡോട്കോം വഴി കേരളത്തിലെ ഉത്പന്നങ്ങളെ ആഗോളതലത്തിലെത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഡീലര്‍മാരെയും ഉപഭോക്താക്കളെയും ഒരു കുടക്കീഴിലെത്തിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനുള്ള എംഎസ്എംഇ ക്ലിനിക്കുകള്‍ പരിപാടിയുടെ ഹൈലൈറ്റ് ആയിരുന്നു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ഉള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ക്ലിനിക്കുകള്‍ വഴി വ്യവസായ വാണിജ്യ വകുപ്പ് നല്‍കിയത്.


സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി ക്രമങ്ങള്‍ക്കായി ഉദ്യം രജിസ്ട്രേഷന്‍, സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പോര്‍ട്ടലുകളായ ജെം രജിസ്ട്രേഷന്‍, കേരള ഇ മാര്‍ക്കറ്റ് പോര്‍ട്ടല്‍, വ്യവസായ വകുപ്പിന്‍റെ സംരംഭക പിന്തുണ ലഭ്യമാക്കുന്ന കെസ്വിഫ്റ്റ്, ഭക്ഷ്യ സംസ്കരണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പിഎം എഫ്എംഇ എന്നിവയുടെ സ്റ്റാളുകള്‍ക്കൊപ്പം ഒഎന്‍ഡിസി, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്  തുടങ്ങി ഇ- കൊമേഴ്സ് രംഗത്തെ അതികായകരുടെ സ്റ്റാളുകളാണ് സംരംഭക മഹാസംഗമത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നത്.


  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(എന്‍ഐഐഡിഎസ്ടി),  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്), കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (കെഎയു), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്),സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിടിസിആര്‍ഐ ), സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആര്‍ഐ), സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( സിപിസിആര്‍ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി), ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്), നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് (നബാര്‍ഡ്), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി), മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട് ഡെവലപ്മെന്‍റ് അതോറിറ്റി (എംപിഇഡിഎ), അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (എപിഇഡിഎ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ), നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍സിആര്‍എംഐ), ടെക്നോളജി ഇവാലുവേഷന്‍, സെന്‍റര്‍ കോഫി ബോര്‍ഡ് (ടിഇസി), കട്ടപ്പന; എംഎസ്എംഇ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍   തുടങ്ങിയ സ്ഥാപങ്ങളുടെയും സ്റ്റാളുകള്‍ ക്രമീകരിച്ചിരുന്നു. കേരള പൊതു മേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി), ഔഷധി, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കേസ്), സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ് (സിഐഎഫ്എല്‍), ട്രാക്കോ കേബിള്‍ ലിമിറ്റഡ് (ട്രാക്കോ), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.

Photo Gallery