വിമുക്തിമിഷന്‍ ലഹരിവിരുദ്ധ ഭവന സന്ദര്‍ശനം സംഘടിപ്പിച്ചു

തിരുവനന്തപുരം / October 15, 2021

മഹാത്മാഗാന്ധിയുടെ 152-ാം ജډവാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിമുക്തി മിഷനും നടത്തുന്ന ഒരു മാസത്തെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് തുടക്കമായി. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്‍റെ ജډദിനമായ ലോക വിദ്യാര്‍ഥി ദിനത്തിലാണ് വിമുക്തി മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി ഭവന സന്ദര്‍ശനത്തിന് തുടക്കമിട്ടത്.


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വള്ളക്കടവ്, പൂന്തുറ വാര്‍ഡുകളിലായി നൂറ്റമ്പതോളം വീടുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണം നല്‍കി. 'സേ നോ ടു ഡ്രിങ്ക്സ്, സേ നോ ടു ഡ്രഗ്സ്' എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു പ്രചാരണം. എ.പി.ജെ അബ്ദുല്‍കലാമിന്‍റെ പുസ്തകങ്ങളും വിമുക്തിയുടെ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകളും വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരും വിമുക്തി മിഷന്‍, കുടുംബശ്രീ പ്രവര്‍ത്തകരും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.


കൗണ്‍സിലര്‍മാരായ ഷാജിത നാസര്‍, മേരി ജിപ്സി, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ തിരുവനന്തപുരം ജില്ല മാനേജരുമായ പി.കെ. ജയരാജ്, തിരുവനന്തപുരം സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ പത്മജ എസ്., തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ. അനില്‍കുമാര്‍, തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഭവന സന്ദര്‍ശനത്തിനും ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.


തീരദേശ മേഖലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ലഹരിയുടെ കെണിയില്‍ അകപ്പെടാതെ വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനുമാണ് തീരദേശ വാര്‍ഡുകളായ വള്ളക്കടവ്, പൂന്തുറ എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തിയത്.
കോര്‍പ്പറേഷനിലെ മറ്റു വാര്‍ഡുകളിലെയും ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ പ്രദേശങ്ങളിലെയും ലഹരിവിരുദ്ധ ഭവന സന്ദര്‍ശനം തുടര്‍ന്ന് നടക്കും. വിമുക്തി മിഷന്‍ പ്രവര്‍ത്തകര്‍ അതത് പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകരുമായി ചേര്‍ന്നായിരിക്കും ഭവന സന്ദര്‍ശനം നടത്തുക.

 
ഇതിനു പുറമേ വിദ്യാര്‍ഥികളില്‍ നിലനില്‍ക്കുന്ന അനഭിലഷണീയ പ്രവണതകള്‍ തിരുത്തുന്നതിനും അവരുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും കലാ കായിക പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചുവിടുന്നതിനുമായി വിമുക്തി മിഷന്‍ 'ഉണര്‍വ്വ'് എന്ന പേരിലുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, പരിസരവാസികള്‍, വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇതിലൂടെ നടപ്പാക്കുന്നത്.

Photo Caption :

ഫോട്ടോ കാപ്ഷന്‍ 1:

ലഹരിവിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് വിമുക്തി മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി വള്ളക്കടവ് വാര്‍ഡില്‍ സംഘടിപ്പിച്ച ഭവന സന്ദര്‍ശനത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ പുസ്തകം കൗണ്‍സിലര്‍ ഷാജിത നാസറും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ തിരുവനന്തപുരം ജില്ല മാനേജരുമായ പി.കെ. ജയരാജും ചേര്‍ന്ന് വിദ്യാര്‍ഥിക്ക് കൈമാറുന്നു

ഫോട്ടോ കാപ്ഷന്‍ 2:

ലഹരിവിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് വിമുക്തി മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി വള്ളക്കടവ് വാര്‍ഡില്‍ സംഘടിപ്പിച്ച ഭവന സന്ദര്‍ശനത്തില്‍ കൗണ്‍സിലര്‍ ഷാജിത നാസര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ തിരുവനന്തപുരം ജില്ല മാനേജരുമായ പി.കെ. ജയരാജ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം നല്‍കുന്നു.

 

Photo Gallery

+
Content
+
Content